ഇന്ദുചൂഡൻ സ്മാരകത്തിന് തടസ്സം ഭരണാനുമതി
text_fieldsആലത്തൂർ: പ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഇന്ദുചൂഡന് കാവശ്ശേരിയിൽ നിർമിക്കുന്ന സ്മാരകത്തിന് മൂന്ന് വർഷമായിട്ടും ഭരണാനുമതി കിട്ടിയിട്ടില്ല. ഭരണാനുമതി കിട്ടിയാലുടനെ ടെൻഡർ നടപടികൾ തുടങ്ങുമെന്നാണ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാർ പറഞ്ഞത്.ഹാബിറ്റാറ്റിന് നിർമാണ ചുമതല നൽകി 2020 സെപ്റ്റംബർ 13ന് അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പദ്ധതിക്ക് തറക്കല്ലിട്ടതാണ്. അന്ന് 75 ലക്ഷത്തിന്റെ പദ്ധതിക്ക് 25 ലക്ഷം അനുവദിക്കുകയും ചെയ്തിരുന്നു. വിശദപദ്ധതിരേഖ മുതൽ എസ്റ്റിമേറ്റ് തയാറാക്കലും തറക്കല്ലിടൽ വരെ കാര്യങ്ങളും നടത്തിയത് ഹാബിറ്റാറ്റാണ്. അവർക്ക് അതിനായി ഒരു ലക്ഷം രൂപ ചിലവ് വന്നതായി ഹാബിറ്റാറ്റ് അധികൃതർ പറയുന്നു.2021ൽ മന്ത്രി മാറിയതോടെ പദ്ധതി നിർവഹണത്തിന് താൽപര്യം കുറഞ്ഞ മട്ടായി. ഇപ്പോൾ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ ഒരു കോടിയായി. ഒരു കോടി ആയാൽ ഓപ്പൺ ടെൻഡർ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ നേരത്തേയുള്ള പദ്ധതി ആയതിനാൽ പ്രവൃത്തി രണ്ടായി തിരിച്ച് നടത്താൻ കഴിയുമെന്നാണ് പറയുന്നത്. താൽപര്യമുണ്ടായിരുന്നെങ്കിൽ 85 ലക്ഷം വരെയുള്ളത് കെട്ടിട നിർമാണത്തിനും ബാക്കി സംഖ്യ വയറിങ്, പ്ലംബിങ് ഉൾപ്പെടെ മറ്റു കാര്യങ്ങൾക്കുമായി നീക്കിവെച്ച് ഇതിനകം തന്നെ നിർമാണം നടത്താൻ കഴിയുമായിരുന്നു എന്നാണ് ഹാബിറ്റാറ്റ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.