പിടിവിടാതെ പനി; ജില്ലയിൽ 17 ദിവസത്തിനിടെ ചികിത്സ തേടിയത് 15,349 പേർ
text_fieldsപാലക്കാട്: ഇടക്കിടെ പെയ്യുന്ന കാലവർഷത്തിൽ പിടിവിടാതെ പകർച്ചവ്യാധികൾ. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ പോക്സ്, മഞ്ഞപ്പിത്തം തുടങ്ങി എല്ലാത്തരം പകർച്ചപ്പനികളും നിയന്ത്രണാതീതമായി വ്യാപിക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിൽ കഴിഞ്ഞ 17 ദിവസത്തിനിടെ 15,349 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 288 പേർ കിടത്തി ചികിത്സ നടത്തി. ഡെങ്കിപ്പനി ലക്ഷണങ്ങളോട എത്തിയ 381 പേരിൽ 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. എട്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ശ്രീകൃഷ്ണപുരം സ്വദേശിയായ 71കാരൻ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. ഇതിനുപുറമേ മഞ്ഞപ്പിത്തം, മലേറിയ, എച്ച് 1 എൻ 1, ചെള്ളുപനി തുടങ്ങിയവയും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നുപേർക്കാണ് ചെള്ളുപനി ബാധിച്ചിട്ടുള്ളത്. ഇതിനിടെ അമ്പലപ്പാറയിൽ കോളറയും സ്ഥിരീകരിച്ചതോടെ ജില്ലയുടെ പകർച്ചവ്യാധികളുടെ പിടിയിലമർന്ന സ്ഥിതിയിലാണ്.
ഇടവിട്ട ദിവസങ്ങളില്‍ മഴ പെയ്യുന്നതിനാൽ ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കി കേസുകള്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തത്. പാലക്കാട്, തൃത്താല, അഗളി, വടക്കഞ്ചേരി, പുതുപ്പരിയാരം, ചിറ്റൂര്‍, മാത്തൂര്‍, നല്ലേപ്പിള്ളി, നെന്മാറ, ഓങ്ങല്ലൂര്‍, ഒറ്റപ്പാലം, പല്ലശന, പട്ടാമ്പി, പുതുനഗരം, ഷൊര്‍ണൂര്‍, വടകരപ്പതി, എലവഞ്ചേരി, കരിമ്പുഴ, കിഴക്കഞ്ചേരി, കൊടുമ്പ്, കൊല്ലങ്കോട്, കോട്ടായി, മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, മുതലമട, പറളി, പിരായിരി, തരൂര്‍, ശ്രീകൃഷ്ണപുരം, തൃക്കടീരി, വെള്ളിനേഴി, പുതുശ്ശേരി, നാഗലശ്ശേരി, പിരായിരി, എരിമയൂർ, വടകരപ്പതി, പട്ടഞ്ചേരി എന്നിവിടങ്ങളിലാണ് സമീപ ദിവസങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് നടപടികള്‍ക്ക് പുറമെ ഓരോരുത്തരും വീടും ഓഫിസ് പരിസരത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഡ്രൈഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിന് വേണ്ടത്ര ജാഗ്രത ആരും പുലര്‍ത്തുന്നില്ല.
അടുത്തിടെയായി എലിപ്പനി മരണങ്ങള് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 83 പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്താകെ മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് 26 പേരും മരിച്ചു. എലിപ്പനിമൂലം മരിക്കുന്നവരില്‍ അധികവും 50 വയസ്സിന് മുകളിലുള്ളവരാണ്. രോഗം തിരിച്ചറിയും മുമ്പുതന്നെ രോഗിയുടെ നില വഷളാകുന്നതാണ് എലിപ്പനി കേസുകളില്‍ മരണനിരക്ക് വര്‍ധിക്കാന്‍ കാരണം. വെള്ളക്കെട്ടുള്ള സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവർ പ്രത്യേക ജാഗ്രതയും പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.