ദേശീയ ഇടപെടലിന് യു.ഡി.എഫ് ജയിക്കണം -കുഞ്ഞാലിക്കുട്ടി
text_fieldsപാലക്കാട്: ദേശീയതലത്തില്‍ ഇടപെടല്‍ നടത്തണമെങ്കില്‍ യു.ഡി.എഫ് സ്ഥാനാർഥികളെ ജയിപ്പിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇട്ടാവട്ടത്തില്‍ മാത്രമുള്ളവരാണ് ഇടതുപക്ഷവും സി.പി.എമ്മും. ഉമ്മറത്ത് ആളുള്ളപ്പോള്‍ വേലിപ്പുറത്ത് ഉള്ളവരെ വിളിക്കണോന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. പാലക്കാട് ലോക്സഭ മണ്ഡലം സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ എന്നത് ബി.ജെ.പി സര്‍ക്കാറിന്റെ നിഘണ്ടുവിലില്ല. കര്‍ഷക സമരത്തെ ആകാശത്ത് നിന്നടക്കം ആക്രമിച്ചവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. മോദി പുലിയെ ഇറക്കിയെന്ന് പറയുമ്പോള്‍ ആ മടയില്‍ ചെന്ന് പിടിച്ചുകെട്ടാനാണ് കെ. മുരളീധരന് തൃശൂരിലെത്തിയത്. സമാനമായി ഷാഫി വടകരയിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ നീക്കം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ജില്ല ചെയര്മാന് മരക്കാര്‍ മാരായമംഗലം അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പി. ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. എന്‍. ഷംസുദ്ദീന് എം.എൽ.എ, യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.