ശ്രീനിവാസൻ കൊല്ലപ്പെട്ട കടയിൽ തെളിവെടുപ്പിനിടെ പാഞ്ഞടുത്ത് യുവമോര്‍ച്ചക്കാർ; സുബൈർ വധക്കേസ് പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
text_fieldsശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ മേലാമുറിയിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
പാലക്കാട്: മേലാമുറിയിൽ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ പാഞ്ഞടുത്ത് യുവമോർച്ച പ്രവർത്തകർ. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളായ അബ്ദുറഹ്മാന്‍, ഫിറോസ് എന്നിവരുമായി പൊലീസ് സംഘം ബുധനാഴ്ച നടത്തിയ തെളിവെടുപ്പിനിടെയാണ് സംഭവം.
ശ്രീനിവാസൻ കൊല്ലപ്പെട്ട കടയില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ മുദ്രാവാക്യം വിളിച്ച് യുവമോർച്ച പ്രവർത്തകർ പാഞ്ഞടുക്കുയായിരുന്നു. ഇവരെ പൊലീസ് സംഘം തടഞ്ഞു. തുടര്‍ന്ന് വേഗത്തിൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങി.
കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളിലൊന്ന് പൊലീസ് കണ്ടെടുത്തു. കല്ലേക്കോട് അഞ്ചാംമൈലിനടുത്ത ആളൊഴിഞ്ഞ പറമ്പില്‍നിന്ന് രക്തക്കറയോടുകൂടിയ വാൾ കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു.
ഈ കൊടുവാള്‍ ഉപയോഗിച്ചാണ് അബ്ദുറഹ്മാന്‍ ശ്രീനിവാസനെ വെട്ടിയതെന്ന് പൊലീസ് പറയുന്നു. ശേഷം മംഗലാംകുന്നില്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും പൊലീസ് തെളിവെടുപ്പ് നടത്തി.
മുണ്ടൂർ തൂത സംസ്ഥാന പാതയിലെ നിലവിളിക്കുന്ന് എന്ന പ്രദേശത്ത് നിന്നാണ് ചോര പുരണ്ട വസ്ത്രം കണ്ടെടുത്തത്. ഇറിഗേഷൻ്റെ കണക്ഷൻ വാൽവിനുള്ള കുഴിയിൽ കവറിൽ കെട്ടിയിട്ട നിലയിലായിരുന്നു വസ്ത്രങ്ങള്‍.
സുബൈർ വധക്കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നത് ചോദ്യം ചെയ്യലിലേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
കേസിൽ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ഫോൺ രേഖകളടക്കം പരിശോധിച്ച് പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്ന പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചാണ് കോടതി മൂവരെയും കസ്റ്റഡിയിൽ വിട്ടുനൽകിയത്.
ശ്രീനിവാസൻ വധക്കേസിൽ പിടിയിലായത് 13 പേർ; സുബൈർ വധക്കേസിൽ മൂന്നുപേർ
ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ 13 പേർ പൊലീസ് പിടിയിലായി. ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്തുപേരുമാണ് അറസ്റ്റിലായത്. എല്ലാവരും എസ്.ഡി.പി.ഐ -പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
അതേസമയം, പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വധിച്ച കേസിൽ മൂന്ന് ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരാണ് ഇതുവരെ പിടിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.