നടപ്പാതക്ക് കുറുകെ ഇരുമ്പുദണ്ഡ്; തലകുനിച്ച് കാൽനടക്കാർ
text_fieldsപാലക്കാട്: ഗതാഗതത്തിരക്കേറിയ റോഡുകളില്‍ നടപ്പാതകളാണ് കാല്‍നടയാത്രക്കാരുടെ ഏക ആശ്രയം. നഗരസഭയിലെ ഭൂരിഭാഗം റോഡുകൾക്ക് ഇരുവശവും നടപ്പാതയുണ്ട്. എന്നാൽ നടപ്പാതയിലെ തടസ്സങ്ങൾ കാൽനടയാത്രക്കാർക്ക് ദുരിതം തീർക്കാൻ തുടങ്ങിയിട്ട് കാലങ്ങളേയേറെയായി. പ്രധാന റോഡുകളിലെ മിക്ക നടപ്പാതകളിലുമുള്ള തടസ്സങ്ങൾ കാൽനടയാത്രക്കാർക്ക് തീർക്കുന്ന പൊല്ലാപ്പുകളേറെയാണ്. തിരക്കേറിയ ജി.ബി റോഡിൽ നടപ്പാതയ്ക്ക് നടുവിലാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതിതൂണികളും, അവയുടെ സപ്പോർട്ടിങ്ങ് കമ്പികളും സ്ഥാപിച്ചിട്ടുള്ളത്.
ഇതുകാരണം ഇതിലുടെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. തറയിൽ നിന്നും ഏകദേശം മൂന്നടിയോളം ഉയരത്തിലായതിനാൽ കാൽനടയാത്രക്കാർക്ക് അപ്പുറം കടക്കണമെങ്കിൽ താഴ്ന്നു പോവുകയോ അല്ലെങ്കിൽ നടപ്പാതയിൽ നിന്നിറങ്ങി നടക്കുകയോ വേണം. നടപ്പാതക്കു മുമ്പിൽ ഇരുചക്ര വാഹനങ്ങളുടെ പാർക്ക് ചെയ്തിട്ടുള്ളതിനാൽ മിക്ക കാൽനടയാത്രക്കാരും തലയൽപ്പം താഴ്ത്തി നടക്കേണ്ട ഗതികേടിലാണ്. എന്നാൽ ശ്രദ്ധിക്കാതെയെത്തുന്നവരാകട്ടെ ഇരുമ്പ് ക്രോസിൽ വന്നിടിച്ച് അപകടത്തിലാകാനുള്ള സാധ്യതയേറെയാണ്. ടി.ബി റോഡിൽ, കെ.എസ്.ഇ.ബി ഓഫിസിന് മുന്നിലും ഇത്തരത്തിൽ നടപ്പാതയിൽ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾക്കിടയിലെ ഇരുമ്പുകമാനം കാൽനടയാത്രക്കാരുടെ ദുരവസ്ഥ മാനിച്ച് അൽപ്പം പൊക്കിയിരുന്നു. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകൾ റോഡ് ഉയർത്തി നടപ്പാതയിൽ സ്ലാബുകൾ സ്ഥാപിച്ചതോടെ ഇരുമ്പുകമാനം തടസ്സമാവുകയാണ്. നടപ്പാതയിൽ കാൽനടയാത്രക്കാർക്കു ഭീഷണിയാവുന്ന ഇരുമ്പുകമാനം ഉയർത്തി കാൽനടയാത്രക്കാർക്ക് ഇനിയെങ്കിലും തലകുനിക്കാതെ നടക്കാനുള്ള സംവിധാനം ബന്ധപ്പെട്ടവർ ഒരുക്കണമെന്നാവശ്യം ശകതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.