ദേശീയ ശാസ്ത്രദിനം ഇന്ന്: ശാസ്ത്ര ഗവേഷണ വഴിയിൽ നാല് പതിറ്റാണ്ടിന്റെ നിറവിൽ ഐ.ആർ.ടി.സി
text_fieldsമുണ്ടൂർ: ഗ്രാമീണ ജനതയുടെ സാമൂഹിക, സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ വിഭാഗം ആരംഭിച്ച മുണ്ടൂരിലെ സംയോജിത ഗ്രാമീണ സാങ്കതിക കേന്ദ്രം (ഐ.ആർ.ടി.സി) ദേശീയ ശാസ്ത്ര ദിനത്തിൽ നാല് പതിറ്റാണ്ട് പിന്നിടുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘമായി 1995ൽ കെ.എസ്.സി.എസ്.ടി.ഇയുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തനം കാര്യക്ഷമമാക്കിയത്. ഊർജ ഉൽപാദന രംഗത്തെ ബയോഗ്യാസ് ഐ.ആർ.ടി.സിയുടെ പ്രഥമ കാൽവെപ്പായിരുന്നു. സൗരോർജ ഉൽപാദന രംഗത്തും തദ്ദേശീയ വിഭവഭൂപടമൊരുക്കുന്നതിന് പൊതുമുന്നറിവ് സർവേ (ജി.ഐ.എസ്) രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ജൈവ കാർഷികോൽപാദന മേഖലയിൽ നെല്ലുൽപാദന വർധനവും ജലസംരംക്ഷണ രംഗത്ത് നീർത്തടങ്ങളുടെ സംരക്ഷണവും പ്രായോഗിക വത്കരണവും ഗ്രാമീണ ജനതയെ പഠിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് മാർഗനിർദേശം നൽകി. 2016ൽ മാലിന്യ സംസ്കരണ നിർമാർജന രംഗത്തെ സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ സെൻറർ ഓഫ് എക്സലൻസായി അംഗീകരിച്ചു. കേരളത്തിലും പുറത്തും മാലിന്യ സംസ്കരണത്തിനും ഊർജ ഉൽപാദനത്തിനും മികച്ച പദ്ധതി രൂപരേഖ ഒരുക്കുന്നത് ഐ.ആർ.ടി.സിയിലെ വിദഗ്ദരാണ്.
താപനില കുറഞ്ഞ മൂന്നാറിൽ ഹരിതഗൃഹ വാതകങ്ങൾ കാരണം മാലിന്യം അഴുകുന്നത് വൈകുന്നത് വഴിയുള്ള പ്രയാസം ഇല്ലാതാക്കാൻ കമ്പോസ്റ്റ്ങ്ങിനായി സൂക്ഷ്മാണുകൂട്ട് വികസിപ്പിച്ചത് ഐ.ആർ.ടി.സിയാണ്. ഒരു ദിവസം നാല് ടൺ മാലിന്യം കമ്പോസ്റ്റാക്കാൻ ഇതുവഴി സാധിക്കും. ഗുരുവായൂർ ആനക്കോട്ടയിലെ മാലിന്യ സംസ്കരണത്തിന് സുക്ഷ്മാണു വികസിപ്പിച്ചു. മണ്ണറിഞ്ഞ് വളം ചെയ്യുന്നതിന് മണ്ണ് പരിശോധന കേന്ദ്രം ഒരുക്കിയതും മറ്റൊരു സംഭാവനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.