കരുതിയിരിക്കണം; പുള്ളി ‘പുലി’യാണ്
text_fieldsപാലക്കാട്: കണ്ട കാൽപ്പാടുകളും ദുരൂഹമായ വളർത്തുമൃഗ ‘കൊലകളും ’ഇരുട്ടിലെ മിന്നായം പോലുള്ള രൂപങ്ങളും ഒരാളിലേക്കാണ് വനം വകുപ്പ് വിരൽചൂണ്ടുന്നത്. പുള്ളിപ്പുലി !. പുള്ളിപ്പുലിയുടെ ആക്രമണം ജില്ലയിൽ ഏറി വരികയാണ്. 17 പഞ്ചായത്തുകളിൽ പുലിശല്യമുള്ളതായാണ് വനംവകുപ്പ് കണക്കുകൾ വെളിപ്പെടുത്തുന്നത്. മലമ്പുഴ, അഗളി, ഷോളയൂർ, പുതൂർ, അകത്തേത്തറ, നെന്മാറ, മംഗലം ഡാം, വടക്കഞ്ചേരി പഞ്ചായത്തുകളിൽ പുലി സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 121 വാർഡുകളിൽ പുലിശല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഴയാരംഭിച്ചതോടെ പുലിയുൾപ്പെടെയുള്ള വന്യ മൃഗങ്ങളെ കരുതിയിരിക്കേണ്ട സാഹചര്യവുമാണ്. പുലികളുൾപ്പെടെയുള്ളവ കാടിറങ്ങാൻ കാരണം ആവാസ വ്യവസ്ഥ ചുരുങ്ങിയതാണെന്നാണ് പറയുന്നത്. അതേസമയം, ജില്ലയിലെ വനവിസ്തൃതിയിൽ കാര്യമായ വർധന ഇല്ലെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്നാണ് വനംവകുപ്പിന്റെ കണക്ക്. സംരക്ഷിത വനമേഖല ഉൾപ്പെടെ 1527.356 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് ജില്ലയിലുള്ളത്. ഇടുക്കിയും പത്തനംതിട്ടയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വനഭൂമി പാലക്കാടാണ്. ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലെ ‘മാധ്യമം’ലേഖകർ നടത്തിയ അന്വേഷണം.
ഭീതിയോടെ വട്ടമല, ഓലപ്പാറ, പൊൻപാറ, കപ്പി പ്രദേശവാസികൾ
അലനല്ലൂർ: എടത്തനാട്ടുകര മലയോര പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കുന്നു. മാസങ്ങൾക്ക് മുമ്പ് വട്ടമല, ഓലപ്പാറ, പൊൻപാറ, കപ്പി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പത്തിലധികം ആടുകളെ പുലി കൊന്നിരുന്നു. കൂടുകൾ പൊളിച്ച് ആടുകളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വളർത്തു നായകളെയും പുലി പിടിക്കുന്നത് പതിവാണ്. സമീപ കാലത്ത് കുളിപ്പാറയിൽ വാഴത്തോട്ടത്തിൽ കെട്ടിയിട്ട നായയെ പുലി തിന്നിരുന്നു. തിരുവിഴാംകുന്ന് കാലി ഫാമിനടുത്തും അമ്പലപ്പാറയിലും മുമ്പ് പുലിയുടെ ജഡം കണ്ടിരിന്നു. മേക്കളപ്പാറയിൽ കൂട്ടിൽ കേറി ഇരുമ്പ് കമ്പി വലയിൽ കുരുങ്ങി പുലി ചത്തിരുന്നു. വളരെ കാലങ്ങളായിട്ട് പുലി ശല്യം വരുന്ന പ്രദേശങ്ങളാണ് ചെമ്പംപ്പാടം, കപ്പി , മുണ്ട കുളം, ചോലമണ്ണ്, ചെകിടി കുഴി, പൊൻപ്പാറ, ഓലപ്പറ, കോട്ടമല, വട്ടമല തുടങ്ങിയവ.
പുലി ഭീതിയിൽ കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകൾ
കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ കള്ളിയമ്പാറ പാത്തിപാറ പ്രദേശങ്ങളിലും, കൊല്ലങ്കോട് പഞ്ചായത്തിൽ ചീരണി, കാളികുളമ്പ്, കൊശവൻകോട്, ചേകോൽ, പെരിങ്ങോട്ടുശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും പുലി ഭീതിയിലാണ്. ഇവിടെ അഞ്ച് മാസത്തിനിടെ 30ലധികം നായ്ക്കളെയാണ് പുലി കൊന്നത്. ഒന്നിലധികം പുലികൾ പ്രദേശത്തുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. പുലിയുടെ സാന്നിധ്യം നിരന്തരം ഉണ്ടെന്ന് പറയുന്നതിനിടെയാണ് കഴിഞ്ഞമാസം കൊട്ടകുറുശ്ശിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്കുവേണ്ടി സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങിയത്.
വനം വകുപ്പ് മയക്കുവടി വെച്ചശേഷം കൂട്ടിലാക്കിയെങ്കിലും ഈ പുലി ചത്തു. ചത്ത പുലിയോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പുലികളാണ് ഇപ്പോഴും എട്ട് കിലോമീറ്റർ വിസ്തൃതിയിലുള്ള മുതലമട പഞ്ചായത്തിലും കൊല്ലങ്കോട് പഞ്ചായത്തിലുമായി ഭീതി സൃഷ്ടിക്കുന്നത്. നാട്ടുകാരുടെ നിരന്തര സമരങ്ങൾക്കൊടുവിൽ കൊശവൻകൂട്ടിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു. എന്നാൽ 12 ദിവസങ്ങൾ പിന്നിട്ടെങ്കിലും പുലി കൂട്ടിൽ കുടുങ്ങിയിട്ടില്ല. ഇതിനിടെ കള്ളിയമ്പാറ പാത്തിപ്പാറയിൽ ജയേഷിന്റെ വീടിനകത്ത് കടന്ന പുലി വളർത്തു നായയെ ആക്രമിച്ചു. തേക്കിൻ ചിറ പെരുങ്ങോട്ടുശേരിയിൽ ശെൽവരാജിന്റെ വളർത്തു നായയെ കൊണ്ടുപോയി.
നരിയള.........
തെന്മലയിൽനിന്ന് രണ്ടര കിലോമീറ്റർ മാറി കൊശവൻകോട് കുന്നിലും ചീരണി കുന്നിലുമാണ് പുലി സ്ഥിരമായി വന്നു പോകുന്നത്. ഈ പ്രദേശങ്ങൾ വനം വകുപ്പ് അധീനതയിലാണ്. 150 ഏക്കറിലധികം വരുന്ന രണ്ട് കുന്നുകൾക്കിടയിലൂടെയാണ് വിരുത്തി - കാച്ചാങ്കുറുശി പ്രധാന റോഡുള്ളത്. നാല് വിദ്യാലയങ്ങളിലേക്ക് നൂറിലധികം വിദ്യാർഥികൾ കടന്നുപോകുന്നതും ഇതുവഴിയാണ്. ഈ കുന്നുകളിൽ പുലി വന്നു പോകുന്നത് സ്ഥിരം ആണെന്ന് നാട്ടുകാർ പറയുന്നു.
കൊശവൻകോട് കുന്നിൽ നരിയള എന്നുള്ള ഗുഹ ഉണ്ട്. ഈ ഗുഹയ്ക്കകത്താണ് പുലി താവളമാക്കിയിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് ഇതേ ഗുഹയിൽ പുലി പ്രദേശവാസികളായ ചിലരെ ആക്രമിച്ചു കൊന്നതായി പറയപ്പെടുന്നു. അതോടുകൂടിയാണ് ഗുഹക്ക് നരിയള എന്ന പേര് ലഭിച്ചത്. ചീരണി കുന്നിലുള്ള ഗുഹയിൽ പുലി വേട്ടയാടുന്ന നായ്ക്കളുടെ ജഡങ്ങൾ ഉപേക്ഷിച്ച നിയലിയിൽ കണ്ടെത്തിയിരുന്നു.
ആലത്തൂർ, നെന്മാറ മലയോര മേഖലകളും പുലിപ്പേടിയിൽ
വടക്കഞ്ചേരി: ആലത്തൂർ, ചിറ്റൂർ താലൂക്കുകൾ അതിരിടുന്ന നെന്മാറ ഡി.എഫ്.ഒയുടെ കീഴിലും ആലത്തൂർ വനം റേഞ്ച് ഓഫിസ് പരിധിയിലുള്ള പശ്ചിമഘട്ട മലയുടെ മലയോര മേഖലകളും പുലിപ്പേടിയിൽ ഉറങ്ങാതെയായിട്ട് മാസങ്ങൾ. മംഗലം ഡാം, വീഴ്ലി, കാന്തളം, പാലക്കുഴി എന്നീ പ്രദേശങ്ങളാണ് വർഷങ്ങളായി പുലിപ്പേടിയിൽ കഴിയുന്നത്. മലയോര മേഖലകളായ ഇവിടെ കൂടുതലും റബർ തോട്ടങ്ങളാണ്. പുലിപ്പേടിയിൽ കഴിഞ്ഞ വർഷം ആഴ്ചകളോളം തൊഴിലാളികൾ ടാപ്പിങ് നിർത്തിയ സ്ഥിതി ഉണ്ടായിട്ടുണ്ട്. കാന്തളം വീഴലിയിൽ പുലി രണ്ട് ആടുകളെ കൊന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരു വർഷത്തിനുള്ളിൽ നിരവധി ആടുകളും പശുക്കിടാങ്ങളും വളർത്തുപട്ടികളും പുലിയുടെ ആക്രമണത്തിൽ ചത്തിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്ക് പരിക്കേൽക്കുമ്പോൾ കർഷകർക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കുന്നുമില്ല. പിടികൂടുന്ന പുലികളെ വനാതിർത്തിയിൽ തുറന്നു വിടുന്നതാണ് ഇവ വിണ്ടും ജനവാസകേന്ദ്രത്തിലെത്താൻ കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.
ആശങ്കയിൽ നെല്ലിയാമ്പതിയും അയില മുടിച്ചി താഴ്വരയും
നെന്മാറ: പുലി ഭീതിയിൽ നട്ടം തിരിയുകയാണ് അയില മുടിച്ചി മലയടിവാര പ്രദേശങ്ങളായ കൽച്ചാടിയും കരിമ്പാറയും. ഇവിടെ നാട്ടിൻ പുറങ്ങളിൽ വരെ പുലിയെ കാണുന്നതായി നാട്ടുകാർ പറയുന്നു. തിരുവഴിയാട് വനം സെക്ഷനിൽ ഉൾപ്പെടുന്ന ഇവിടെ പകൽ സമയത്തും പുലി എത്തുന്നുണ്ട്. രാത്രിയിൽ ആടുകളെ കൊന്നു തിന്നുന്നതായും പരാതിയുണ്ട്. മേഖലയിലെ പോത്തുണ്ടി അകമ്പാടത്ത് വളർത്തുനായ്ക്കളെ പുലി പിടിച്ച സംഭവം അടുത്തിടെ ഉണ്ടായി. കൂടാതെ നെല്ലിയാമ്പതിയിലെ കൂനമ്പാലം, പാടഗിരി, പുലയമ്പാറ ഭാഗങ്ങളിലും പുലി ശല്യമുണ്ട്. പുലയമ്പാറ ഓറഞ്ച് ഫാമിനടുത്ത് വളർത്തു പശുവിനെ പുലി പിടിച്ച സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. പുലി ഭീതി പടർന്നതോടെ തങ്ങളുടെ ജീവനും സ്വത്തിനും രക്ഷ തേടി വനം അധികൃതരെ സമീപിച്ചിരിക്കുകയാണ് വനാതിർത്തിയിലെ കർഷകർ.
കർഷകഗ്രാമങ്ങൾ ഭീതിയിൽ
കല്ലടിക്കോട്: പശ്ചിമഘട്ട മലനിരകളോട് ചേർന്ന തച്ചമ്പാറ ഗ്രാമപഞ്ചായത്തില ശിരുവാണി വനമേഖലയോട് ബന്ധമുള്ള പാലക്കയം, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയും പരിസരങ്ങളും, കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമങ്ങളും പുലി സാന്നിധ്യമുളള പ്രദേശങ്ങളാണ്. രണ്ട് വർഷം മുൻപ് ധോണി ഭാഗത്ത് ആൾ പാർപ്പില്ലാത്ത വീട്ടിൽ പുലി രണ്ട് പുലികുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ദിവസങ്ങളോളം നിരീക്ഷണത്തിലായിരുന്ന പുലി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാടുകയറി. തിരികെ വന്ന് കുഞ്ഞുങ്ങളൊന്നിനെ കാട്കയറ്റി. തൃശൂർ വെറ്ററിനറി വനം പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ മറ്റേ കുഞ്ഞ് പിന്നീട് ചത്തു. ഇതിനുശേഷവും പുതു പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിൽ നിരവധി തവണ പുലി ഇറങ്ങി മാസങ്ങളോളം നായ ഉൾപ്പെടെ വളർത്ത് മൃഗങ്ങളെയും പിടികൂടി കൊന്ന് തുടങ്ങി.
ആറ് മാസത്തിനകം 20 ലധികം പശു, ആട് എന്നിവയെയും വളർത്ത് നായകളെയും പുലി പിടികൂടി കൊന്ന് തിന്നു. അകത്തേത്തറ പഞ്ചായത്തിലെ നാല് വാർഡുകളിൽ ആറ് മാസം തുടർച്ചയായി പുലി തലവേദന സൃഷ്ടിച്ചു. മണ്ണാർക്കാട് വനം ഡിവിഷന്റെ പരിധിയിലെ പാലക്കയം റേഞ്ചിലും പാലക്കാട് ഡിവിഷനുമായി അതിർത്തി പങ്കിടുന്ന കല്ലടിക്കോട് മലയടിവാര ഗ്രാമങ്ങളിലും പുലി തലവേദന സൃഷ്ടിക്കാറുണ്ട്. വടക്കൻ കാട്, വാക്കോട് തുടങ്ങിയ മലമ്പ്രദേശങ്ങളിലും പുലി നിരവധി വളർത്താടുകളെ കൊന്നിരുന്നു .ഈ മേഖലയിൽ ഒന്നര വർഷത്തിനകം നാല് പുലികൾ കാടിറങ്ങി. കിണറിൽ വീഴുകയും വനപാലകർ രക്ഷപ്പെടുത്തുകയും ചെയ്തു. പട്ടിണി കാരണം പുലി വേലിയിൽ കുടുങ്ങി ചത്ത സംഭവവും ഉണ്ടായി.
അട്ടപ്പാടി പുലി വിഹാരകേന്ദ്രം
അഗളി: അട്ടപ്പാടിയിലെ നിരവധി പ്രദേശങ്ങൾ ഇപ്പോൾ കാട്ടാനക്കൊപ്പം പുലിയുടെ വിഹാര കേന്ദ്രങ്ങൾ കൂടിയാണ്. പുതൂർ പഞ്ചായത്തിലെ ചെമ്പവട്ടക്കാട് ദിവസങ്ങൾക്ക് മുമ്പ് ആദിവാസി ദമ്പതികളുടെ വീടിനോട് ചേർന്ന് കെട്ടിയിട്ടിരുന്ന നാല് ആടുകളെ പുലി വകവരുത്തിയിരുന്നു. പുതൂരിലെ മൂലക്കൊമ്പ്, കൊട്ടമേട്, ആലാ മരം, ചീരക്കടവ് ഭാഗങ്ങളിൽ പുലി നിരവധി തവണയാണ് ജനവാസ മേഖലയിലെത്തിയിട്ടുള്ളത്. അഗളി പഞ്ചായത്തിലെ നരസി മുക്ക്, സാമ്പാർകോഡ്, ഇരട്ടക്കുളം പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ട്. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ഏതാനും വാര അകലെ രാത്രിയിൽ പുലിയെ കണ്ടതായി പ്രദേശവാസിയായ പ്രതാപ് സാക്ഷ്യപ്പെടുത്തുന്നു.
പരിക്ക് മാറി പുള്ളിപ്പുലി ഉഷാർ
കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ധോണിയിൽ ചികിത്സയിലുള്ള പുള്ളിപ്പുലി സുഖം പ്രാപിച്ച് വരുന്നു. മൂന്നാഴ്ച മുമ്പാണ് ഏഴിനും എട്ടിനും ഇടയിൽ പ്രായമുള്ള ആൺപുലിയെ അട്ടപ്പാടിയിലെ പുളിയപ്പതി കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തിയത്. അട്ടപ്പാടിയിൽ വനംവകുപ്പ് ചികിത്സ നൽകിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്നാണ് വിദഗ്ധ ചികിത്സക്ക് ധോണിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.