ചൂടുകൂടുന്നു: യാത്രക്കാരില്ല; ട്രിപ്പ് മുടക്കി സ്വകാര്യ ബസുകൾ
text_fieldsപാലക്കാട്: വേനലിന്റെ കാഠിന്യം കനത്തതോടെ സ്വകാര്യ ബസുകൾ ഉച്ചക്ക് 12ന് ശേഷമുള്ള ചില ട്രിപ്പുകൾ മുടക്കുന്നു. അസഹ്യമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ ഉച്ച സമയങ്ങളിൽ യാത്രക്കാർ കുറഞ്ഞതാണ് സർവിസ് നിർത്താൻ കാരണം. ഉച്ചക്ക് 12 മണിക്കും മൂന്നുമണിക്കുമിടയിൽ കനത്ത ചൂടാണ് ജില്ലയിൽ കുറെ ദിവസങ്ങളായി അനുഭവപ്പെടുന്നത്.
ബസ് സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും യാത്രക്കാർ കുറഞ്ഞതോടെ സ്വകാര്യ ബസുകളിൽ കലക്ഷൻ കുറഞ്ഞ സ്ഥിതിയാണ്. കോവിഡിനുമുമ്പ് ജില്ലയിൽ 1100ഓളം സ്വകാര്യബസുകളുണ്ടായിരുന്നു. ഇത് ഏകദേശം 850 എണ്ണം മാത്രമാണ് സർവിസ് നടത്തുന്നത്. നിരത്തുകൾ സജീവമായിട്ടും പൊതുഗതാഗതം സാധാരണ നിലയിലായിട്ടും സ്വകാര്യ ബസുകൾക്ക് നഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്.
ഇതിനുപുറമെ ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർകൂടി കുറഞ്ഞതോടെ ചെലവ് ഒത്തുപോകാനാവാത്ത അവസ്ഥയാണ്. 12 മണിക്കുശേഷം നഗരത്തിൽനിന്ന് പോവുന്ന ബസുകൾ ട്രിപ്പുമുടക്കി നാലുമണിയോടെയാണ് തിരിച്ചെത്തുന്നത്.
മൂന്നുവർഷം മുമ്പ് ജില്ലയിലെ ചില സ്വകാര്യ ബസുകൾ എ.സി ഫിറ്റ് ചെയ്തിരുന്നെങ്കിലും നാളുകൾ കഴിഞ്ഞതോടെ അപ്രത്യക്ഷമായി. ആളുകൾ സ്വന്തംനിലക്ക് യാത്രാസൗകര്യങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് കോവിഡ് മുമ്പ് യാത്ര ചെയ്തിരുന്നതിന്റെ 20 ശതമാനം പോലും ഇപ്പോൾ യാത്ര ചെയ്യുന്നില്ല എന്ന് ബസുടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.