ജൽജീവൻ മിഷൻ പദ്ധതി ജനുവരിയിൽ പൂർത്തിയാക്കും
text_fieldsമണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കാൻ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന് പദ്ധതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ ജനുവരി മാസത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. മണ്ഡലത്തില്‍ പദ്ധതിയുടെ നിര്‍വഹണ പുരോഗതി വിലയിരുത്താൻ എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും പദ്ധതി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ പഞ്ചായത്തുകളില്‍ വിതരണ ശൃംഖല വിപുലീകരണവും ഗാര്‍ഹിക കണക്ഷന് നല്‍കലും അമ്പത് ശതമാനത്തോളം പൂര്‍ത്തിയായി. കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നത് തച്ചനാട്ടുകരയില്‍ നിന്നാണ്.
നവീകരണം കഴിഞ്ഞ ദേശീയപാതയോരത്തുകൂടെയും പാത മുറിച്ചുമാണ് ഇവിടങ്ങളിലേക്ക് പൈപ്പിടേണ്ടി വരിക. ഇതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതി തേടിയതായും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പദ്ധതിയില്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളെയും ഉള്‍പ്പെടുത്തണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.
മിക്ക പഞ്ചായത്തുകളിലും നിരവധി വാര്‍ഡുകളില്‍ പദ്ധതി നടപ്പിലായിട്ടില്ല. കൂടാതെ പദ്ധതി പ്രദേശങ്ങളില്‍ വിട്ടുപോയ വീടുകളെയും ഉൾക്കൊള്ളിക്കണം. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പുതിയ ശുദ്ധജലപദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കില്ല. ഇതിനാല്‍ പരമാവധി വാര്‍ഡുകളിലും വീടുകളിലും പദ്ധതിയുടെ ഗുണം ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. അലനല്ലൂര്‍ പഞ്ചായത്തില്‍ 11862, കോട്ടോപ്പാടത്ത് 9465, തെങ്കരയില്‍ 6238, കുമരംപുത്തൂരില്‍ 7668 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്.
പൈപ്പ് വിന്യസിക്കാൻ പൊളിച്ചിട്ട റോഡുകള്‍ മണ്ണിട്ടുമൂടുക മാത്രമാണ് ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചൂണ്ടിക്കാട്ടി. മണ്ണിട്ട് മൂടാനുള്ള ഫണ്ടാണ് നിലവിലുള്ളതെന്നും കൂടുതല്‍ തുക ലഭിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇതു ലഭ്യമായാല്‍ റോഡ് പൊളിച്ചിട്ട ഭാഗങ്ങളില്‍ പ്രവൃത്തികള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ഡ് മെമ്പര്‍മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റുമാര്‍ക്കും പദ്ധതി ഉദ്യോഗസ്ഥര്‍ക്കും എം.എല്‍.എ നിര്‍ദേശം നല്കി. പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൗക്കത്ത്, ജസീന അക്കര, പി.പി. സജ്ന സത്താര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, കുമരംപുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. വിജയലക്ഷ്മി, വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന് പാലക്കാട് അസി.എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്. ദിനു, വിവിധ വാര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.