കടുവ ഭീതി ഒഴിയാതെ ജല്ലിപ്പാറ
text_fieldsഅഗളി: ജല്ലിപ്പാറ ജനവാസ മേഖലകളിൽ നിരവധി തവണ കടുവയെ കണ്ടതായി പ്രദേശവാസികൾ വിവരം നൽകിയതോടെ പ്രദേശത്ത് വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. വനംവകുപ്പിന്റെ ദ്രുതകർമസേന അടക്കം എത്തിയാണ് തിരച്ചിൽ നടത്തുന്നത്. ബുധനാഴ്ച രാത്രി 10.30ന് ജെല്ലിപ്പാറ-മുണ്ടൻപാറ റോഡിനു സമീപം കടുവയെത്തി. വ്യാഴാഴ്ച പുലർച്ച 4.30 മണിയോടെയും ജനവാസകേന്ദ്രത്തിലെത്തി. ആളുകൾ വിവരം നൽകിയതിനെത്തുടർന്ന് വനംവകുപ്പ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വനം വകുപ്പിന്റെ കൂടുതൽ സംഘമെത്തി കാടിളക്കി കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പ്രദേശവാസികൾ കണ്ടത് കടുവയെ ആണോ പട്ടിപ്പുലിയെ ആണോ എന്ന ആശയക്കുഴപ്പം വനപാലകർക്കുണ്ട്. ഇതിൽ സ്ഥിരീകരണം വരുത്തുന്നതിനായി കാടിനോട് ചേർന്ന പ്രദേശങ്ങളിൽ കാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കടുവ സ്ഥലങ്ങൾ മാറി സഞ്ചരിക്കുന്നതാണ് വനപാലകരെ കുഴയ്ക്കുന്നത്. ജെല്ലിപ്പാറ ടൗണിനും മുണ്ടൻപാറക്കും ഇടയിലുള്ള മലയിലാണ് കടുവ നിലവിൽ ഉള്ളതെന്നാണ് നിഗമനം. ഇവിടെ, പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും കാടിളക്കിയും കടുവയുടെ സാന്നിധ്യം അറിയാനാണ് വനപാലകർ ശ്രമിക്കുന്നത്. തങ്ങളുടെ വളർത്തുമൃഗങ്ങൾക്കുനേരെ കടുവയുടെ ആക്രമണമുണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.