മഞ്ഞപ്പിത്തം വ്യാപിക്കുന്നു; വേണം, ആരോഗ്യ ജാഗ്രത
text_fieldsപാലക്കാട്: ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റീസ്-എ) വളരെ പെട്ടന്ന് തന്നെ മറ്റുള്ളവരിലേക്ക് പകരും. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നതുമൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുള്ള മൂത്രം, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ടനിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. ലക്ഷണങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാല്‍ സ്വയം ചികിത്സക്ക് ശ്രമിക്കാതെ ഉടന്‍ ചികിത്സ തേടണം. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ സ്വീകരിക്കരുത്. പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്. വിദ്യ അറിയിച്ചു.
പ്രതിരോധ മാര്‍ഗങ്ങള്‍
- പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക
- കുട്ടികളുടെ മലം തുറസ്സായ ഇടങ്ങളില്‍ ഉപേക്ഷിക്കാതെ ശൗചാലയത്തില്‍ മാത്രം സംസ്ക്കരിക്കുക
- ഛര്‍ദി ഉണ്ടെങ്കില്‍ ശൗചാലയത്തില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യുക
- കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക
- ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകി അണുവിമുക്തമാക്കുക.
- ഭക്ഷണ പദാര്‍ഥങ്ങള്‍ മൂടിവെക്കുക
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക
- തിളപ്പിച്ചാറിയ വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കാതിരിക്കുക
- രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക
- രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക, ഭക്ഷണം പങ്കുവെക്കാതിരിക്കുക
- രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക
- രോഗി ഉപയോഗിച്ച വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കുകയും പുനഃരുപയോഗമുളള തുണി, പാത്രങ്ങള്‍ എന്നിവ അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുകയും ചെയ്യുക
- പനി മാറുന്നതിനായി ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.