അമിതവില ഈടാക്കിയാൽ പിടി വീഴും
text_fieldsപാലക്കാട്: റമദാൻ, വിഷു, ഈസ്റ്റർ ഉത്സവസീസണോടനുബന്ധിച്ച് വിലക്കയറ്റം തടയാൻ ജില്ലയിൽ പരിശോധനയുമായി വിവിധ വകുപ്പുകൾ. പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവ സംയുക്തമായി രൂപവത്കരിച്ച സ്‌ക്വാഡാണ് ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധനക്കിറങ്ങുക.
പൊതുവിപണിയിലെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം, ഹോട്ടലുകളിൽ ഭക്ഷണ പദാർഥങ്ങളുടെ ഗുണനിലവാരം, വില എന്നിവ പരിശോധിക്കുകയാണ് ലക്ഷ്യം.
ആദ്യ രണ്ട് ദിവസങ്ങളിൽ പാലക്കാട് നഗരപരിസരത്തെ വിവിധ ഭക്ഷ്യശാലകളിൽ പരിശോധന നടന്നു. കാര്യമായ വിലവർധനവ് ശ്രദ്ധയിൽ പെട്ടില്ലെന്നും ചില ഇനങ്ങളിലെ വർധന സംബന്ധിച്ച് ഹോട്ടലുകടമകൾക്ക് താക്കീത് നൽകിയതായും അധികൃതർ പറഞ്ഞു.
മെനു കാർഡോ, വിലവിവര പട്ടികയോ ഹോട്ടലുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ 'ജാഗ്രത ഡ്രൈവ് ' എന്ന പേരിലും ഇന്ധനവില കൂടിയതോടെ ഇന്ധനങ്ങളുടെ അളവിൽ വ്യത്യാസം ഉണ്ടോയെന്ന് പരിശോധിക്കാൻ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് 'ക്ഷമത ഡ്രൈവ്' എന്ന പേരിലും പ്രത്യേക പരിശോധനകൾ ജില്ലയിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.