കുരുമുളക് കൃഷിയിൽ ബയോ കാപ്സൂൾ ജീവാണു പ്രയോഗം; പരീക്ഷണം തുടങ്ങി
text_fieldsകല്ലടിക്കോട്: കുരുമുളക് കൃഷിയുടെ പരിപോഷണത്തിന് നൂതന സാങ്കേതിക വിദ്യയുമായി കൃഷിവകുപ്പ്. പുതുതായി വികസിപ്പിച്ച ബയോ കാപ്സൂൾ ജീവാണു വളപ്രയോഗ രീതിയുടെ പരീക്ഷണത്തിന് കരിമ്പയിൽ തുടക്കമായി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് ഡെവലപ്മെൻറ് വികസിപ്പിച്ചെടുത്ത പി.ജി.പി.ആർ ബയോ കാപ്സൂളിെൻറ കൃഷിയിട പരീക്ഷണത്തിനാണ് കരിമ്പ വേദിയായത്. കരിമ്പ കൃഷിഭവന് കീഴിൽ ചീരാൻകുഴി ജോർജ് മാനുവലിെൻറ കൃഷിയിടത്തിലാണ് കാപ്സൂൾ പരീക്ഷിച്ചത്. കേരള കാർഷിക സർവകലാശാല, പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രം, കരിമ്പ കൃഷിഭവൻ എന്നിവ ചേർന്നാണ് 15ാം വാർഡ് കേര ക്ലസ്റ്ററിെൻറ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.
കുരുമുളകിെൻറ വളർച്ചക്കും ഉൽപാദന വർധനവിനും സഹായകരമായ വിവിധ പോഷകങ്ങൾ മണ്ണിൽനിന്ന് ലഭ്യമാക്കാൻ സഹായിക്കുന്നതാണ് കാപ്സൂൾ. മണ്ണിനെ പോഷക സമ്പന്നമാക്കാനും ചെടിക്ക് രോഗപ്രതിരോധശേഷി പ്രദാനം ചെയ്യാനും സഹായിക്കുന്ന സൂക്ഷ്മ ജീവാണുക്കളുടെ ശേഖരമാണ് കാപ്സൂൾ രൂപത്തിൽ തയാറാക്കിയിരിക്കുന്നത്. കൊണ്ടുനടക്കാനും ഉപയോഗിക്കാനും ഏറെ എളുപ്പവും പരിസ്ഥിതി സൗഹൃദ സുസ്ഥിര കൃഷിക്ക് അനുകൂലവുമാണിത്. ഒരു ഗ്രാം മാത്രം വരുന്ന ഒരു കാപ്സൂൾ 200 ലിറ്റർ വെള്ളത്തിൽ കലക്കാവുന്നതും ഏകദേശം 100 കുരുമുളക് വള്ളികൾക്കു വരെ ഉപയോഗിക്കാവുന്നതുമാണ്. മണ്ണിലെ അമ്ലഗുണം ക്രമീകരിക്കുകയും ആവശ്യത്തിന് ജൈവാംശം ഉറപ്പാക്കുകയും ചെയ്ത ശേഷം ബയോ കാപ്സൂൾ ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രാപ്തി ഉറപ്പാക്കാൻ കഴിയും.
പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിന്ദു പ്രേമൻ അധ്യക്ഷത വഹിച്ചു. ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന, കൃഷി അസി. ഡയറക്ടർ ടി.കെ. ഷാജൻ, കൃഷി ഓഫിസർ പി. സാജിദലി, കൃഷി അസി. കുമാരി ഹേമ, വി.എസ് മഹേഷ്, പി.ജി. വത്സൻ, ഡെന്നി, ഷിബു ആവിയിൽ എന്നിവർ സംസാരിച്ചു. ഡോ. ശ്രീലക്ഷ്മി ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.