നോക്കുകുത്തിയായി ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ
text_fieldsകല്ലടിക്കോട്: പുതുതായി നിർമിച്ച ബസ് കാത്ത് നിൽപ്പ് കേന്ദ്രങ്ങൾ അവഗണനയിൽ. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് മേഖലയിലാണ് റോഡിന് ഇരുവശങ്ങളിലുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നോക്കുകുത്തിയായത്. ട്രാഫിക് റഗുലേറ്റിങ് കമ്മിറ്റിയുടെ കാര്യമായ ഇടപെടൽ ഇല്ലാത്തതിനാലാണ് ഇവിടങ്ങളുടെ സമീപം ബസുകൾ നിർത്തി ആളെ കയറ്റാനും ഇറക്കാനും പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത് അനന്തമായി നീളാൻ കാരണം.
നിലവിൽ ബസുകൾ തോന്നിയ സ്ഥലങ്ങളിലാണ് നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ഒരു വർഷം മുമ്പ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൊലീസ്, തദ്ദേശവകുപ്പ്, ജനപ്രതിനിധി, വ്യാപാരി പ്രമുഖർ എന്നിവരുടെ സംയുക്ത യോഗം ചേർന്നിരുന്നു. അതിൽ യാത്രക്കാരുടെ സൗകര്യാർഥം കരിമ്പ, തച്ചമ്പാറ, കല്ലടിക്കോട് എന്നീ പ്രദേശങ്ങളിലെ കേന്ദ്രങ്ങൾ പുനഃക്രമീകരിക്കാനായി വിശദപഠനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, തുടർപ്രവർത്തനമുണ്ടായില്ല.
കരിമ്പ ഗ്രാമപഞ്ചായത്തിലെ തുപ്പനാട്ടെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കിയെങ്കിലും പ്രദേശവാസികളും ഉൾനാടൻ ഗ്രാമീണരും ആശ്രയിക്കുന്ന ഇവിടെ ദേശീയപാത നവീകരണ ശേഷം പുതിയ കേന്ദ്രം നിർമിച്ചില്ല. കല്ലടിക്കോട് മേഖലയിൽ മാപ്പിള സ്കൂൾ കവലക്കടുത്ത്, ഫെഡറൽ ബാങ്ക് പരിസരത്തെ ഇരുവശങ്ങളിലെയും ബസ് കാത്തിപ്പ് കേന്ദ്രങ്ങളിൽ നിന്നാലും ബസ് നിർത്തുകയോ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്നില്ല. മഴക്കാലമായതോടെ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ യാത്രക്കാർ പെരുമഴയത്ത് ബസ് കാത്ത് നിൽക്കേണ്ട ഗതികേടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.