ദേശീയപാതയിൽ വെള്ളക്കെട്ട്; കാർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്
text_fieldsകല്ലടിക്കോട്: ദേശീയപാതയിലെ വെള്ളക്കെട്ടിൽ കാർ തലകീഴായി മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റ മണ്ണാർക്കാട് സ്വദേശി പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. മൂന്ന് തവണ റോഡിൽ മറിഞ്ഞ കാർ തൊട്ടടുത്ത ചെറുകിട വ്യവസായ യൂനിറ്റിന്റെ ഷീറ്റ് അടുക്കിവെച്ച ഭാഗത്താണ് വീണത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ചുങ്കത്തിനും ടി.ബി. സെന്ററിനും ഇടയിലുള്ള ഷോപ്പിങ് കോംപ്ലക്സ് പരിസരത്താണ് റോഡിൽ പാതിവരെ വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഈ പ്രദേശത്ത് മൂന്നാമത്തെ തവണയാണ് അപകടം ഉണ്ടാവുന്നത്. അപകട വിവരം ആംബുലൻസ് ഡ്രൈവർ മണി പാലക്കാട്ടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിച്ചു. സ്ഥലം സന്ദർശിച്ച എം.വി.ഡി ഉദ്യോഗസ്ഥർ സുരക്ഷിത യാത്രക്കുള്ള ക്രമീകരണങൾ ഏർപ്പെടുത്തുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി. കനത്ത മഴ പെയ്താൽ കരിമ്പ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ കല്ലടിക്കോട് അയ്യപ്പൻകാവിനും ടി.ബിക്കും ഇടയിൽ ഒന്നിലധികം സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്.
ഇതുമൂലം വാഹന- കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. അഴുക്കുചാൽ ക്രമീകരിച്ച സ്ഥലങ്ങളിലും വെള്ളക്കെട്ട് അപകടത്തിന് വഴിയൊരുക്കുന്നു. റോഡ് സുരക്ഷ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.