ഗ്രീൻഫീൽഡ് പാത നഷ്ടപരിഹാരം; പാലക്കാട് ജില്ലക്ക് 2000 കോടി
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് ഭൂമിയും സ്ഥാവര ജംഗമവസ്തുക്കളും വിട്ട് നൽകുന്നവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാൻ ജില്ലക്ക് മാത്രം അനുവദിച്ചത് 2000 കോടി രൂപയെന്ന് ദേശീയപാത സ്ഥലം എടുപ്പ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ. നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി 1756 കോടി രൂപയാണ് പാലക്കാട് ജില്ലയിലെ ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി തഹസിൽദാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുള്ളത്. ഈ തുക ഡിസംബർ മാസത്തിനകം വിതരണം പൂർത്തിയാക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ദേശീയപാത അതോറിറ്റി സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
ദേശീയപാത അതോറിറ്റി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് നഷ്ടപരിഹാര തുക നിർണയിച്ചത്. നഷ്ടപരിഹാരം മതിയാവില്ലെന്ന പരാതി ഉള്ളവർക്ക് ആർബിട്രേഷനിലൂടെ പരിഹാരം കാണാനാവും. 65 കോടി രൂപയാണ് ജില്ലയിൽ ആദ്യ ഗഡുവെന്ന നിലയിൽ വിതരണം നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഒരാഴ്ചക്കകം പൂർത്തിയാക്കും.
ബാക്കി നഷ്ടപരിഹാരം മിക്കവാറും നവംബർ മാസാദ്യത്തിൽ തന്നെ ഉടമകളുടെ അക്കൗണ്ടുകളിലെത്തും. സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മൂല്യനിർണയം നടത്തി. തുടർ പ്രക്രിയകൾ പൂർത്തിയാക്കി രേഖകൾ പരിശോധന കഴിഞ്ഞ ഭൂവുടമകൾക്കാണ് നഷ്ടപരിഹാരം കൈമാറുക.
മണ്ണാർക്കാട് താലൂക്കിലെ പയ്യനെടം, കോട്ടോപ്പാടം രണ്ട്, കരിമ്പ രണ്ട്, കാരാകുർശ്ശി പാലക്കാട് താലൂക്കിലെ പാലക്കാട് രണ്ട്, മരുത റോഡ് എന്നി വില്ലേജുകളിലെ ഭൂവുടമകൾക്ക് നഷ്ടപരിഹാര തുക വിതരണം പുരോഗമിക്കുകയാണ്. നിലവിൽ കരിമ്പ രണ്ടിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുകയാണ് അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്. കരിമ്പ രണ്ടിലെ നഷ്ടപരിഹാരം നവംബർ ഒന്നിനകം വിതരണം പൂർത്തിയാവും.
മൊത്തം 121 കിലോമീറ്റർ; അഞ്ചുഘട്ടം
പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് മൊത്തം 121 കിലോമീറ്റർ ദൈർഘ്യമുണ്ട്. മരുത റോഡ് - കരിമ്പ 30.720 കിലോമീറ്റർ ദൂരമാണ് ഒന്നാമത് ഘട്ടം. മൊത്തം അഞ്ച് ഘട്ടമായാണ് പാത നിർമിക്കുക. പാലക്കാട് ജില്ലയിലെ മരുത റോഡ് മുതൽ തെങ്കര വരെയുള്ള 21 വില്ലേജുകളിലൂടെയാണ് പാത കടന്ന് പോവുക. കരിമ്പ മുതൽ എടത്തനാട്ടുകര റീച്ചിന് 30.720 കിലോമീറ്റർ നീളമുണ്ട്. എടത്തനാട്ടുകര മുതൽ കാരാകുന്ന് വരെ മൂന്നാമത് ഘട്ട റീച്ചിലാണ് പാത അയൽ ജില്ലയായ മലപ്പുറത്തേക്ക് പ്രവേശിക്കുക.
നിലവിൽ 60 കിലോമീറ്റർ വേഗതയിൽ ചരക്ക് വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന നിലവാരമേ ദേശീയപാതക്കുള്ളത്. താരതമ്യേന ഗുണനിലവാരം കൂടിയ ഗ്രീൻഫീൽഡ് പാതയിൽ ചരക്ക് വാഹനങ്ങൾ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും. പാലക്കാട് ജില്ലയിലെ മലമ്പുഴ, കോങ്ങാട്, മണ്ണാർക്കാട് നിയമസഭ മണ്ഡലങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളുടെ മുഖഛായ തന്നെ സമഗ്രമായി മാറ്റത്തിന് വിധേയമാക്കുന്ന ഒന്നാവും ഗ്രീൻഫീൽഡ് പാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.