ഗ്രീൻഫീൽഡ് പാത: മൂല്യനിർണയം പാതിയായി
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലമെടുപ്പ് പ്രക്രിയയുടെ ഭാഗമായി കെട്ടിടങ്ങൾ അടക്കമുള്ളവയുടെ മൂല്യനിർണയം ഇനിയും പൂർത്തിയായില്ല. പാലക്കാട് ജില്ലയിലാണ് മൂല്യനിർണയം പൂർത്തിയാവാത്തത്. സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയുടെയും യഥാർഥ ഉടമക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയ പാത അതോറിറ്റിയും അംഗീകരിച്ച് വിളംബരം ചെയ്ത നിബന്ധനകൾക്ക് വിധേയമായി നഷ്ടപരിഹാരം നിർണയിക്കുന്നതിനാണ് മൂല്യനിർണയം നടത്തുന്നത്.
പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിൽ 50 ശതമാനം കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവയുടെ മൂല്യനിർണയം പൂർത്തിയാകാനുണ്ട്. സ്ഥലമെടുപ്പ് പ്രക്രിയക്ക് റവന്യു, പൊതുമരാമത്ത്, ദേശീയപാത അതോറിറ്റി എന്നിവ പ്രത്യേക വിഭാഗമായി ഒരു പോലെ പ്രവർത്തനം പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ പാത ലെയ്സൺ ഓഫിസറും ചേർന്നാണ് ഓരേ പ്രദേശങ്ങളിലും നിർമിതികളുടെ മൂല്യനിർണയം നടത്തുക.
75 ശതമാനം വില്ലേജുകളിലും ബാക്കിവെച്ച പ്രക്രിയ ഈ മാസത്തോടെ പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിറ്റി. നിർമിതികളുടെ മൂല്യനിർണയ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമെ പാലക്കാട് ജില്ലയിലെ ഭൂവുടമകൾക്ക് നൽകാനുള്ള തുക ദേശീയപാത സ്ഥലമെടുപ്പ് ചുമതലയുള്ള ഡപ്യൂട്ടി തഹസിൽദാരുടെ അക്കൗണ്ടിലെത്തു. തുടർന്നാണ് അതാതിടങ്ങളിലുള്ള സ്ഥലം ഉടമകളുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക കൈമാറുക. പാത കടന്ന് പോകുന്ന സ്ഥലവാസികൾ ഭൂരേഖകൾ സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അതേസമയം, കേന്ദ്രസർക്കാർ നിജപ്പെടുത്തിയ നഷ്ട പരിഹാരം ഭൂവുടമകൾക്കെല്ലാം യഥാസമയം കൈമാറുമെന്ന് ദേശീയ പാത സ്ഥലമെടുപ്പ് ഡപ്യൂട്ടി തഹസിൽദാർ പറഞ്ഞു. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മിക്കവാറും മേയ് ആദ്യം തന്നെ നഷ്ട പരിഹാരം ലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.