ഗ്രീൻഫീൽഡ് ഹൈവേ: ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ; രണ്ടാംഘട്ട നഷ്ടപരിഹാര വിതരണം ഉടൻ
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമാണപ്രവർത്തനത്തിന് മുന്നോടിയായി പ്രാരംഭ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അന്തിമഘട്ടത്തിൽ. പാതക്കായി ഭൂമിയും സ്ഥാവരജംഗമ വസ്തുക്കളും വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക 87 ശതമാനം ഉടമകളുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പാലക്കാട് ജില്ലയിലെ 21 വില്ലേജുകളിൽ 16 വില്ലേജുകളിലെ 1300ലധികം ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു. 2000ത്തോളം ഉടമകളുടെ സ്ഥലമാണ് ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നത്. പ്രഥമ ഘട്ടത്തിൽ സ്ഥലമേറ്റെടുപ്പ് വിഭാഗത്തിൽ ഉൾപ്പെട്ട് പൂർണമായും മൂല്യനിർണയ പരിശോധന കഴിഞ്ഞവർക്കാണ് നഷ്ടപരിഹാരം കൈമാറിയത്. സ്വത്ത് വീതംവെക്കാത്ത സ്ഥലങ്ങളുടെ കൂട്ടുടമകൾ, മുഴുവൻ രേഖകളും കൈമാറാത്തവർ, രേഖകൾ വൈകി കൈമാറിയവർ എന്നിവരുടെ വിശദാംശ സ്ഥിരീകരണ റിപ്പോർട്ട്, മൂല്യനിർണയ റിപ്പോർട്ട് എന്നിവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ ദേശീയപാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
തുക അനുവദിക്കുന്ന മുറക്ക് ബാക്കിയുള്ളവർക്കും നഷ്ടപരിഹാരം കൈമാറും. തുക അനുവദിക്കുന്നപക്ഷം അടുത്ത വർഷത്തിനകംതന്നെ നഷ്ടപരിഹാരം കൈമാറാനാവും. നിലവിലുള്ള ദേശീയപാത 966ലെ ഗതാഗതതടസ്സങ്ങളിൽനിന്ന് മുക്തമായ രീതിയിൽ 100 കിലോമീറ്റർ വേഗത്തിൽ ചരക്കുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ പാകത്തിലുള്ള 121 കിലോമീറ്റർ ദൈർഘ്യമുള്ള അത്യാധുനിക പാതയാണ് നിർമിക്കുക. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളെ സ്പർശിക്കുന്ന പാത പാലക്കാട് ജില്ലയിലെ മരുതറോഡ് മുതൽ കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് വരെ വ്യാപിച്ചുകിടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.