ഗ്രീൻഫീൽഡ് പാത;ത്രീ-ഡി വിജ്ഞാപനം ഒരാഴ്ചക്കകം
text_fieldsകല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ പാലക്കാട് ജില്ലയിലെ സ്ഥലമെടുപ്പിന്റെ ഭാഗമായി ത്രിമാന വിജ്ഞാപനം ഒരാഴ്ചക്കകം പുറത്തിറങ്ങുമെന്ന് ദേശീയപാത സ്ഥലമെടുപ്പ് റവന്യൂ ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയിൽ രണ്ട് താലൂക്കുകളിൽ മൂന്ന് വില്ലേജുകളിലെ അവസാനഘട്ട ഫീൽഡ് സർവേ പുരോഗമിക്കുകയാണ്. മണ്ണാർക്കാട് താലൂക്കിലെ പൊറ്റശ്ശേരി, പാലക്കാട് താലൂക്കിലെ മലമ്പുഴ രണ്ട്, പാലക്കാട് രണ്ട് വില്ലേജുകളിലാണ് ഫീൽഡ് സർവേ പൂർത്തിയാകാനുള്ളത്. മറ്റിടങ്ങളിലെല്ലാം പൂർത്തിയായി. സ്കെച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പൂർത്തിയായ സ്ഥലങ്ങൾ ഉൾപ്പെടുത്തി ത്രീ-ഡി വിജ്ഞാപനം ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കാനാണ് നീക്കം. ബാക്കി പ്രദേശങ്ങൾ രണ്ടാമത് പുറത്തിറക്കുന്ന
ത്രീ-ഡി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. അല്ലാത്ത പക്ഷം മുഴുവൻ പ്രദേശങ്ങളുടെയും സർവേ സ്കെച്ച് ഉൾപ്പെടുത്തി മാർച്ചിന് മുമ്പ് ത്രീ-ഡി വിജ്ഞാപനം പുറത്തിറക്കും. ഗ്രീൻഫീൽഡ് പാത ആദ്യ വിജ്ഞാപനത്തിന്റെ പിറകെ മൂന്ന് ഡെപ്യൂട്ടി കലക്ടർമാർക്കാണ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നൽകിയിരുന്നത്. ആവശ്യത്തിന് സർവേയർമാർ സ്ഥലമെടുപ്പ് ഡ്യൂട്ടിക്ക് ആദ്യ ഘട്ടത്തിൽ ലഭ്യമായിരുന്നില്ല. ജനുവരി ആദ്യവാരത്തിൽ 12 സർവേയർമാരെയാണ് ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഫീൽഡ് സർവേക്ക് നിയോഗിച്ചത്.
അതേസമയം, പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ നിർമിതികളുടെയും വിളകളുടെയും മൂല്യനിർണയം റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സർവേ കഴിഞ്ഞ വർഷം ജൂലൈ അവസാനത്തിലാണ് ആരംഭിച്ചത്. ജില്ലയിൽ മരുത റോഡ് മുതൽ എടത്തനാട്ടുകര വരെ നീളുന്ന ഗ്രീൻഫീൽഡ് പാതക്ക് 61.440 കിലോമീറ്റർ ദൂരമുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്ന് പോകുന്ന പാതക്ക് ആകെ 121 കിലോമീറ്ററാണ് നീളം. മൂന്ന് ജില്ലകളിലായി മൊത്തം 547 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.