കനത്ത മഴ; മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിൽ
text_fieldsകല്ലടിക്കോട്: ശക്തമായ മഴയിൽ മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിലായിരിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പാലക്കയത്ത് ഇരു പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. റോഡിലൂടെ ഒഴുകുന്ന വെള്ളം സമീപത്തെ കടകളിലേക്ക് കയറിയത് കച്ചവടക്കാരിൽ ആശങ്ക ഉണ്ടാക്കി. പാലക്കയത്തെ റേഷൻകടയുടെ വരാന്തയിൽ വെള്ളം കയറി.
ഇരുമ്പമുട്ടി, വഴിക്കടവിൽ ചപ്പാത്തുകൾ വെള്ളം മൂടിയതിനാൽ പലരും വീടെത്താനാകാതെ വഴിയിൽ കുടുങ്ങി. ചീനിക്കപ്പാറയിലും മുന്നാം തോട്ടിലും അച്ചിലട്ടിയിലും ചപ്പാത്ത് പാലങ്ങൾ വെള്ളത്തിനടിയിലായി. മീൻവല്ലം പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ സപീപത്തെ കൃഷികൾ വെള്ളത്തിലായി. പാങ്ങ്, പറക്കലടി, ചെറുമല, കരിമ, മുണ്ടനാട്, അച്ചിലട്ടി, വട്ടപ്പാറ എന്നിവിടങ്ങളിലും വെള്ളം കയറി.
കല്ലടിക്കോടൻ മലയിൽ ശക്തമായി പെയ്യുന്ന മഴമൂലം വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ട്. മലയുടെ സമീപത്ത് താമസിക്കുന്നവർ ഭീതിയിലാണ്. വേലിക്കാട് പുഴ, തുപ്പനാട് പുഴ, പൊന്നംകോട് തോട്, കോണിക്കഴി പുഴ, ചൂരിയോറ്റ് പുഴ എന്നിവയെല്ലം കര കവിഞ്ഞൊഴുകി.
ദേശീയപാതയുംവെള്ളത്തിൽ ഗതാഗതം തടസ്സപ്പെട്ടു
കല്ലടിക്കോട്: മേഖലയിൽ രാത്രിയും മഴ തുടരുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാത വെള്ളത്തിൽ മുങ്ങി. താഴെ പനയമ്പാടം പ്രദേശത്താണ് റോഡ് വെള്ളത്തിനടിയിലായത് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടര മുതൽ തുടങ്ങിയ മഴ തുടരുകയാണ്. തച്ചമ്പാറ, കരിമ്പ ഗ്രാമപഞ്ചായത്തുകളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പാടങ്ങളിലും കൃഷിസ്ഥലളിലും വെള്ളം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.