അത്യുഷ്ണത്തിൽ നട്ടം തിരിഞ്ഞ് വന്യജീവികളും
text_fieldsകല്ലടിക്കോട്: നാടും നഗരവും അത്യുഷ്ണം പിടിമുറുക്കിയതോടെ കാടിറങ്ങുന്ന വന്യജീവികളുടെ എണ്ണംദിനം പ്രതികൂടി. കാട്ടാന, വാനരന്മാർ, മയിൽ, പന്നി, മുയൽ എന്നീ വന്യമൃഗങ്ങളാണ് കുടിനീരും തീറ്റയും തേടി ജനവാസ മേഖലയിലെത്തുന്നത്. ഉയർന്ന പ്രദേശങ്ങളിലെ മരങ്ങളും സസ്യലതാദികൾ ഉണങ്ങിയതോടെ പറവകൾ തുപ്പനാട് പുഴമ്പ്രദേശത്താണ് പച്ചപ്പും ദാഹജലവും തേടി എത്തുന്നത്.
കാട്ടുചോലകളും വറ്റിവരണ്ടതോടെ കാട്ടാനകൾ പട്ടാപ്പകലും മീൻവല്ലത്തും പരിസരങ്ങളിൽ തുപ്പനാട് പുഴയിൽ നീരാടാൻ എത്തുന്നത് കൗതുക കാഴ്ചയാവുകയാണ്. രണ്ടുവർഷം മുമ്പുവരെ ജില്ലയിലെ തന്നെ മഴ ലഭ്യത കൂടിയ പ്രദേശങ്ങളിലൊന്നായിരുന്നു കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട് മലയോര മേഖല. മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലും സ്ഥിതി വിഭിന്നമല്ല.
വനാതിർത്തി പ്രദേശങ്ങളിലാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തുന്നത്. ചക്കയും മാങ്ങയും വിളഞ്ഞുനിൽക്കുന്ന കാലമായതിനാൽ വാനരന്മാർ ഇവ പാകമാവും മുമ്പേ പിഴുതിടുന്നതും വിനയായി. മുണ്ടൂർ പഞ്ചായത്തിലെ വടക്കുംമുറി, കയറംകോട്, ഒടുവൻ കാട്, പുത്രപ്പാടം, നാമ്പുള്ളിപ്പുര എന്നിവിടങ്ങളിൽ പന്നി, മയിൽ, വാനരൻ എന്നിവയാണ് കൃഷിയിടങ്ങളിലെത്തുന്നത്. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ചേപ്പില മുറി, വടക്കേക്കര എന്നിവിടങ്ങളിലും കുരങ്ങ് ശല്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.