കണക്കുംപാടം കുളം വീണ്ടും മുഖംമിനുക്കുന്നു
text_fieldsകല്ലടിക്കോട്: കണക്കുംപാടം കുളത്തിന്റെ നവീകരണത്തിന് മൂന്നാം പദ്ധതി. 15 വർഷത്തിനകം മൂന്ന് തവണ വൻ തുക ചെലവാക്കി പുനരുദ്ധാരണ പ്രവൃത്തി നടത്തിയെങ്കിലും കുളം പഴയപടി തന്നെ നോക്കുകുത്തിയായി. ആദ്യ ഘട്ടത്തിൽ മണ്ണടിഞ്ഞ് തൂർന്ന പൊതുകുളം പൂർവ സ്ഥിതിയിലാക്കിയത് തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ്. രണ്ടാം ഘട്ടത്തിൽ മണ്ണ് ജലസംരംക്ഷണ വകുപ്പിന് കീഴിൽ നീർത്തട ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമീണ പശ്ചാത്തല വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡ് അനുവദിച്ച 20, 25,000 രൂപയിലെ 9, 67, 212 രൂപ മാത്രം ചെലവഴിച്ച് ആഴം കൂട്ടി.
പാർശ്വഭിത്തിയും നിർമിച്ചു. ഇതോടെ കുളത്തിന് അതിന്റെ രൂപം തിരികെ കിട്ടിയെങ്കിലും പശ്ചാത്തല സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയിരുന്നില്ല. കല്ലടിക്കോട് ടൗണിലും പരിസരങ്ങളിലുമുള്ള അഴുക്ക് ചാലിലെ മലിനജലം മഴക്കാലത്ത് ഒഴുകിയെത്തി കുളം മലിനമാവുന്ന സ്ഥിതിക്ക് മാറ്റം വന്നില്ല. കൂടാതെ കനാൽ തീരങ്ങളിൽ കുന്നുകൂടിയ പാഴ്വസ്തുക്കൾ ഒഴുകി കുളം നിറയുന്നുമുണ്ട്. കുളം നവീകരണത്തെ ചൊല്ലി വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
സംസ്ഥാന ബജറ്റിൽ കണക്കുംപാടം കുളത്തിന്റെ വികസന നവീകരണ പ്രവൃത്തിക്ക് 75 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കുളത്തിന്റെ തനിമ നിലനിർത്തുകയും നിലവിലെ പോരായ്മകൾ പരിഹരിക്കുകയും വേണമെന്നാണ് ജനകീയാവശ്യം. കനാൽ തീരപ്രദേശത്തെ കുളത്തിന് സമീപം പാർക്ക് സ്ഥാപിക്കുകയോ കുളം മത്സ്യകൃഷിക്ക് ഉപയുക്തമാക്കുകയോ ചെയ്യണമെന്നാണ് മറ്റൊരു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.