കാഞ്ഞിരപ്പുഴ കനാൽ; നവീകരണത്തിന് പച്ചക്കൊടി
text_fieldsകല്ലടിക്കോട്: മൂന്ന് വർഷമായി കാടും ചെളിയും നിറഞ്ഞ് ജലമൊഴുക്ക് തടസ്സപ്പെട്ട കാഞ്ഞിരപ്പുഴ കനാലിന് ശാപമോക്ഷമാവുന്നു. ജലസേചന പദ്ധതിയുടെ പ്രധാന കനാലുകൾ നവീകരിക്കാൻ നബാർഡിന്റെ സഹായത്തോടെ 10 കോടി രൂപയുടെ പദ്ധതിക്ക് ജലസേചന വകുപ്പ് ഭരണാനുമതി നൽകി. നവീകരണം നൂറുകണക്കിന് കർഷകർക്കും അതിൽപരം കൃഷിഭൂമിക്കും ഉപകാരപ്രദമാവും. നേരത്തെ ‘മാധ്യമം’ ഈ പ്രശ്നം വാർത്തയാക്കിയിരുന്നു.
കാഞ്ഞിരപ്പുഴ കനാലുകളിൽ പലഭാഗത്തും ലൈനിങ് ഇല്ലാത്തതിനാൽ മണ്ണിടിഞ്ഞ് ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. വർഷങ്ങളായി പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽ കനാലിലെ ചെളിയും കാടും നീക്കം ചെയ്യുന്നതിനാൽ ജലവിതരണം ഒരുവിധം സുഗമമായി നടന്നിരുന്നു.
2022ൽ പഞ്ചായത്തുകൾ കനാൽ വൃത്തിയാക്കുന്ന പ്രവൃത്തിയിൽനിന്ന് പിൻമാറിയതിനാൽ ജലവിതരണം ദുഷ്കരമായി. കെ. ശാന്തകുമാരി എം.എൽ.എ കർഷകരുടെ ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ജലസേചന വകുപ്പ് 10 കോടി രൂപ അനുവദിച്ചത്.
കിലോമീറ്ററുകളോളം ലൈനിങ് ഇല്ലാത്ത ഭാഗമാണ് കനാലിനുള്ളത്. ഈ ഫണ്ട് ഉപയോഗിച്ച് അത്യാവശ്യ സ്ഥലങ്ങളിൽ പ്രവൃത്തികൾ നടത്തി ജലവിതരണം സുഖമമാക്കാൻ കഴിയുമെന്നത് കർഷകർക്ക് വലിയ ആശ്വാസമാണ്. കനാലിന്റെ വാലറ്റ പ്രദേശങ്ങളിൽ വേനൽകാലങ്ങളിൽ ജലവിതരണം എളുപ്പമാകും.
കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുർശ്ശി, കരിമ്പ, കോങ്ങാട്, കടമ്പഴിപ്പുറം, പൂക്കോട്ട്കാവ്, തൃക്കടീരി, ഒറ്റപ്പാലം താലൂക്കിലെ ഷൊർണൂരിനോട് ചേർന്ന ചെർപ്പുളശ്ശേരി നഗരസഭ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജല സഞ്ചാരം സുഗമമാവു എന്നാണ് പ്രതീക്ഷ. ഇ-ടെൻഡറിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചതായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.