കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതി കമീഷനിങ് പ്രതിസന്ധിയിൽ
text_fieldsകല്ലടിക്കോട്: കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതി പ്രവർത്തനസജ്ജമാക്കാൻ ജലവിതരണ പൈപ്പ് സ്ഥാപിക്കാനുള്ള എൻ.എച്ച്.എ.ഐ നിബന്ധനകൾ പ്രതിസന്ധിയാവുന്നു. എൻ.എച്ച്.എ.ഐയുടെ പുതിയ നിബന്ധനയാണ് ജല അതോറിറ്റിയെ വെട്ടിലാക്കിയത്. കുടിവെള്ള പദ്ധതിയുടെ ജല വിതരണ പൈപ്പ് ദേശീയപാത വഴി സ്ഥാപിക്കാൻ പാത കീറിമുറിക്കേണ്ടതുണ്ട്.
ഇതിന് അനുമതിക്കായി ഒരുവർഷക്കാലമായി ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ നെട്ടോട്ടത്തിലാണ്. മുമ്പ് ദേശീയപാത സോണൽ മേധാവിക്ക് അയച്ച കത്ത് മൂന്നുതവണയും മറുപടി നൽകാതെ തിരിച്ചയച്ച പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ അനുമതിയോടെ ഡൽഹിയിലെ എൻ.എച്ച്.എ.ഐയുടെ ഉന്നത മേധാവിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
ഇതുപ്രകാരം ദേശീയപാത അതോറിറ്റിയുടെ എൻജിനീയറിങ് വിങ് സ്ഥലം സന്ദർശിച്ചത് ഒന്നര മാസം മുമ്പാണ്. കഴിഞ്ഞദിവസം കിട്ടിയ കത്തിൽ ബി.എം.പി.സി രീതിയിൽ പൈപ്പിടാൻ ഇരുവശങ്ങളിലും താഴ്ചയിൽ ചാൽ കീറി കോൺക്രീറ്റ് ചെയ്ത് സ്ലാബ് ഉപയോഗിച്ച് മൂടണമെന്നാണ് നിർദേശം. ദേശീയപാത കടന്നുപോകുന്ന 24 കിലോമീറ്റർ പ്രദേശത്ത് ബി.എം.പി.സി വർക്കിന് 55 കോടി രൂപ മതിപ്പ് ചെലവ് വേണം. ഇത് കരിമ്പ കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിക്ക് മൊത്തം അനുവദിച്ച തുകയോളം വരും. അവസാന ഘട്ട പ്രവർത്തനങ്ങൾ വരെ പൂർത്തീകരിച്ചു.
ജലവിതരണ ട്രയൽ റൺ വരെ പൂർത്തിയാക്കി. ഇനി തച്ചമ്പാറ മുതൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് അതിർത്തി പ്രദേശങ്ങൾ വഴി ജലവിതരണ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കേണ്ടതുണ്ട്. കാഞ്ഞിരപ്പുഴ ഡാം മുഖ്യ ജലസ്രോതസ്സായ പ്രധാന പദ്ധതിയാണ് ഇതോടെ ലക്ഷ്യപ്രാപ്തിയിലെത്താത്തത്. 2017-’18 വർഷത്തിൽ അനുവദിച്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് രണ്ടുവർഷം മുമ്പ് തന്നെ കാഞ്ഞിരപ്പുഴ ഡാമിനടുത്ത് ജല ശുദ്ധീകരണശാലയുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. വേനലാരംഭത്തോടെ കോങ്ങാട് നിയമസഭ മണ്ഡലത്തിലെ കടുത്ത ജലക്ഷാമ പ്രദേശങ്ങളിൽ കൂടുതൽ ഉപകാരപ്രദമാവേണ്ട പദ്ധതിയാണ് ഇതോടെ നിശ്ചലമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.