കരിമ്പ-കോങ്ങാട് കുടിവെള്ള പദ്ധതി: പൈപ്പിടാൻ പുതിയ ഡിസൈൻ സമർപ്പിക്കും
text_fieldsകല്ലടിക്കോട്: കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ വേനൽ കടുക്കും മുമ്പേ പൂർത്തികരിക്കാൻ കലക്ടർ എസ്. ചിത്രയുടെ സാന്നിധ്യത്തിൽ പാലക്കാട് കലക്ടറുടെ ചേംബറിൽ നടന്ന ജലവിഭവ വകുപ്പ്-ദേശീയപാത അതോറിറ്റി -ജനപ്രതിനിധി യോഗത്തിൽ ധാരണയായി. കുടിവെള്ള പദ്ധതിയുടെ പൈപ്പിടലുൾപ്പെടെ പ്രവർത്തനങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങിയത് ‘മാധ്യമം’ വാർത്തയാക്കിയ പശ്ചാത്തലത്തിലാണ് കലക്ടർ അടിയന്തര യോഗം വിളിച്ചത്.
22 കിലോമീറ്റർ ദൈർഘ്യമേറിയ പ്രദേശത്ത് പൈപ്പിടാൻ സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി പ്രത്യേക നിബന്ധന വെച്ച സാഹചര്യത്തിലാണ്. കല്ലടിക്കോടിനും മുണ്ടൂർ ഗ്രാമപഞ്ചായത്ത് അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പാലക്കാട്-കോഴിക്കോട് ദേശീയപാതക്കരികെ ജലവിതരണ പെൻസ്റ്റോക്ക് പൈപ്പിടങ്ങുന്നത് മുടങ്ങിയത്.
ഇനി പുതുതായി പൈപ്പ് സ്ഥാപിക്കുന്ന രീതിക്ക് പ്രത്യേക ഡിസൈനും പ്ലാനും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എൻ.എച്ച്.എ.ഐയുടെ മേഖല ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. രൂപകൽപനയും പ്ലാനും നാഷനൽ ഹൈവേ അതോറിറ്റി അംഗീകരിച്ച് പൈപ്പിടൽ അനുമതിപത്രം നൽകിയാൽ കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് ജലവിതരണത്തിനുള്ള പൈപ്പ് വിന്യസിക്കുന്ന പ്രവൃത്തി നടത്താം. കലക്ടറുടെ സിറ്റിങ് ജല അതോറിറ്റി, എൻ.എച്ച്.എ.ഐ പ്രോജക്ട് എൻജിനീയർ, പൊതുമരാമത്ത് ദേശീയപാത ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരാണ് പങ്കെടുത്തത്.
നാലുവർഷം മുമ്പ് കോങ്ങാട് നിയമസഭ മണ്ഡലത്തെ സ്പർശിക്കുന്ന ആറിൽപരം ഗ്രാമപഞ്ചായത്ത് നിവാസികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വേനൽ ആരംഭത്തിൽ ഈ മേഖലയിൽ കടുത്ത ജലക്ഷാമം നേരിടുന്ന ഉൾനാടൻ ഗ്രാമങ്ങളും വരും.
പദ്ധതി പ്രാവർത്തികമാകുന്നതോടെ കേരളശ്ശേരിക്കും കാഞ്ഞിരപ്പുഴക്കും ഇടയിൽ നിരവധി ഗവ. സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ എന്നിവക്കും പ്രയോജനം ചെയ്യും.
അന്തരിച്ച മുൻ എം.എൽ.എ കെ.വി. വിജയദാസിന്റെ കാലത്താണ് പദ്ധതി ആവിഷ്കരിച്ച് നിർദ്ദേശം സമർപ്പിച്ചത്. രണ്ട് കൊല്ലം മുമ്പ് കാഞ്ഞിരപ്പുഴ ഡാം പ്രദേശത്ത് ജലശുദ്ധീകരണശാല നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.