ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്: ഭീതി മാറാതെ നാട്
text_fieldsകല്ലടിക്കോട്: ചരക്കുലോറി മറിഞ്ഞു തലനാരിഴയിൽ ദുരന്തം ഒഴിഞ്ഞെങ്കിലും ഭീതിമാറാതെ തുപ്പനാട് ദേശീയപാതയോര നിവാസികൾ. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട വൈക്കോൽ ലോറി നേരേ തുപ്പനാട് മുഹമ്മദ് കുഞ്ഞിമാസ്റ്റർ എന്നയാളുടെ വീട്ടിലെ ചുമരിലിടിച്ച് ജനൽ തകർത്തു. ഭിത്തിയിൽ വിള്ളൽ വീഴ്ത്തിയ ലോറി തൊട്ടടുത്ത അഗളി എസ്.ഐ. അബ്ദുൽ നജീബിന്റെ വീട്ടിന് മുന്നിലെ വൈദ്യുതി തൂൺ തകർത്തു നിന്നു.
സമീപത്ത് അടുക്കിവെച്ച കട്ടകൾ ഇടിച്ച് വീഴ്ത്തി. ഭാഗ്യവശാൽ രണ്ടിടങ്ങളിലും ആളപായം ഒഴിവായി. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വാഹനം ഇടിച്ച ഘോരശബ്ദം കേട്ടാണ് തദ്ദേശവാസികൾ ഞെട്ടിയുണർന്നത്. പാലക്കാട്ടുനിന്ന് വൈക്കോൽ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർക്ക് നിസാര പരിക്കുണ്ട്. വൈദ്യുതി വിതരണവും നിലച്ചു.
നാട്ടുകൽ-താണാവ് ദേശീയപാത വീതി കൂട്ടി നവീകരിച്ചതോടെ പലരുടെയും വീടിന് മുറ്റവും ചുറ്റുമതിലും നഷ്ടപ്പെട്ടു. അഴുക്കുചാൽ പോലും ക്രമീകരിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പ് ടാങ്കർ ലോറി മുഹമ്മദ് കുഞ്ഞിന്റെ വീടിനടുത്ത് തലകീഴായി മറിഞ്ഞു ലോറി ഡ്രൈവർ അവണൂർ സ്വദേശിയായ യുവാവ് കാലിന് പരിക്കേറ്റ് മരിച്ചിരുന്നു. പാതവക്കിൽ താമസിക്കുന്നവർ എപ്പോഴും പേടിയോടെയാണ് കഴിയുന്നത്. പാർശ്വഭിത്തിയോ മറ്റ് സംരംക്ഷണ കവചമോ നിർമിക്കാത്തതും അപകടസാധ്യത കൂട്ടി. പരാതി സമർപ്പിച്ചിട്ടും പരിഹാരമായില്ലെന്ന് തദ്ദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.