മീൻവല്ലത്തിന്റെ വിനോദ സഞ്ചാര വികസന സ്വപ്നങ്ങൾ കടലാസിലൊതുങ്ങുന്നു
text_fieldsകല്ലടിക്കോട്: മൺസൂൺ കാലത്ത് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷിതത്വത്തിന്റെ പേരിൽ വേറിട്ട് നിൽക്കുന്ന മീൻവല്ലത്തിന്റെ വിനോദസഞ്ചാര വികസന സ്വപ്നങ്ങൾ ഇപ്പോഴും അകലെയാണ്. കരിമ്പ പഞ്ചായത്തിലെയല്ല ജില്ലയിലെ തന്നെ ടൂറിസം കേന്ദ്രങ്ങളിൽ പ്രധാന സ്ഥാനം പിടിക്കേണ്ട മീൻവല്ലം വെള്ളച്ചാട്ടമാണ് നിലവിൽ അവഗണനയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
1987ൽ വനം മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദാണ് മീൻവല്ലം വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. 1990ൽ മീൻവല്ലം വെള്ളച്ചാട്ടം വൈദ്യുതി ഉത്പാദനത്തിന് പറ്റുമെന്ന മുണ്ടൂർ ഐ.ആർ.ടി.സിയുടെ പഠന റിപ്പോർട്ട് പുറത്ത് വന്നു. ഇതോടെ കൂടുതൽ സന്ദർശകരെ കരിമ്പ ഗ്രാമപഞ്ചായത്തിലെ തുപ്പനാട്ടുനിന്ന് എട്ടര കിലോമീറ്റർ അകലെ മൂന്നേക്കറിന് സമീപമുള്ള മീൻവല്ലം വെള്ളച്ചാട്ട പ്രദേശം ആകർഷിച്ച് തുടങ്ങി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര സ്ഥലങ്ങളിലൊന്നായി മീൻവല്ലം ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അംഗീകരിച്ചു. സന്ദർശക ഫീസ് നിജപ്പെടുത്തി പ്രവേശന പാസ് ഏർപ്പെടുത്തി. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി (പി.എസ്.അച്ച്.സി.) മീൻവല്ലം ജലപാത പ്രദേശത്ത് മിനി പവർ സ്റ്റേഷന് പശ്ചാത്തല സൗകര്യമൊരുക്കിയതോടെ കൂടുതൽ സന്ദർശകർ എത്തി തുടങ്ങി. മീൻവല്ലത്തേക്കുള്ള പാത ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി. മൂന്ന് ഘട്ടമായി എം.എൽ.എ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പാത ഗതാഗതയോഗ്യമാക്കിയത്. വെള്ളച്ചാട്ട കേന്ദ്രത്തേക്ക് വാഹനങ്ങൾ എത്തിപ്പെടുന്നത് വഴി വയോധികരും ഭിന്നശേഷിക്കാരും കൂടുതൽ സന്ദർശിക്കുന്ന സൗഹൃദ കേന്ദ്രമായി.
എന്നിട്ടും ഈ പ്രദേശം ഉൾപ്പെടുത്തി വിനോദസഞ്ചാര വികസനത്തിന് മാസ്റ്റർ പ്ലാൻ ഒരുക്കി ടൂറിസം സർക്യൂട്ട് ഒരുക്കുമെന്ന പ്രഖ്യാപനം പകൽ കിനാവായി. മലമ്പുഴ, കാഞ്ഞിരപ്പുഴ, ശിരുവാണി എന്നി പ്രദേശങ്ങളെ കൂട്ടിയിണക്കിയാണ് ടൂറിസം സർക്യൂട്ട് രൂപകൽപന ചെയ്തിരുന്നത്.
നിലവിൽ സന്ദർശകർക്ക് വഴികാട്ടിയുടെ സേവനം ലഭ്യമാണ്. വിനോദ സഞ്ചാരികൾക്ക് അത്യാവശ്യമായ വിശ്രമ ശൗചാലയ സൗകര്യങ്ങൾ സർക്കാർ തലത്തിലില്ല. സ്വകാര്യ സംരംഭകർ നിലവിലുള്ള സൗകര്യങ്ങൾ ചൂഷണം ചെയ്യുമ്പോഴും വിനോദസഞ്ചാര ഉപയുക്തമാക്കി സർക്കാരിന് വരുമാന ഉപാധിയാക്കുവാൻ സർക്കാർ സംവിധാനങ്ങൾക്ക് ഉണർന്ന് പ്രവർത്തിക്കുവാൻ പറ്റിയിട്ടില്ല. തൂക്ക് പാലം നിർമിക്കുമെന്ന വാഗ്ദാനവും കടലാസിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.