കാണാതായ ഗൃഹനാഥനെ വീട്ടിലെത്തിച്ച് പൊലീസ്
text_fieldsകല്ലടിക്കോട്: കാണാതായ ഗൃഹനാഥനെ വീട്ടുകാരുടെ ചാരെ ചേർത്ത് കല്ലടിക്കോട് പൊലീസ്. ഉഷക്കും കുട്ടികൾക്കും ആനന്ദക്കണ്ണീർ. പാലക്കാട് കല്ലേപ്പുള്ളി കരിപറമ്പിൽ ആനന്ദിനാണ് പൊലീസ് സഹായത്തിൽ വീടണയാനായത്. മൂന്നു ദിവസം മുമ്പാണ് മാനസിക വെല്ലുവിളി നേരിടുന്ന ആനന്ദ് വീട് വിട്ടിറങ്ങിയത്. വീട്ടുകാർ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയിട്ടും ആളെ കണ്ടെത്തിയിരുന്നില്ല.
മുണ്ടൂർ, മണ്ണാർക്കാട്, ആര്യമ്പാവ് ഭാഗങ്ങളിൽ ഇയാളെ കണ്ടവരുണ്ട്. ആര്യമ്പാവ് ഭാഗത്തുനിന്ന് ബസിൽ കയറി വ്യാഴാഴ്ച രാത്രി ഇടക്കുറുശ്ശിയിൽ വന്നിറങ്ങിയ ആനന്ദിനെ നാട്ടുകാർ കണ്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഉല്ലാസ് ഇടക്കുറുശ്ശിയിൽനിന്ന് ഇയാളെ സ്റ്റേഷനിൽ എത്തിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആനന്ദന്റെ ഭാര്യ ഉഷയെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയായിരുന്നു. വീട് കൊട്ടേക്കാട് ക്ഷേത്രത്തിനു സമീപം മാത്രമാണെന്നാണ് ഓര്മ.
ഭാര്യയുടെ നമ്പർ കാണിച്ചുവെന്നല്ലാതെ പറയുന്ന കാര്യങ്ങൾ അവ്യക്തമായിരുന്നു. ചെറിയ രണ്ടു കുട്ടികളുമായി കഴിയുന്ന ഉഷ പാതിരാത്രിക്ക് വരാൻ കഴിയാത്തതിന്റെ നിസ്സഹായത പ്രകടിപ്പിച്ചു.
വരാൻ വാഹനമില്ലെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞപ്പോൾ കല്ലേപ്പുള്ളി ഭാഗത്ത് താമസമുള്ള സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ സ്റ്റൈലേഷിനോട് കാര്യങ്ങൾ പറഞ്ഞു. സ്റ്റൈലേഷ് ആനന്ദിന്റെ ഭാര്യ ഉഷയെയും മക്കളെയും തന്റെ കാറിൽ സ്റ്റേഷനിൽ കൊണ്ടുവന്ന് വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ ആനന്ദിനെ സ്വന്തം വീട്ടിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു. രോഗിയായ കുടുംബനാഥനെ വീട്ടിലെത്തിക്കാൻ സഹായിച്ച പൊലീസിന് നന്ദി പറഞ്ഞാണ് ഉഷയും കുട്ടികളും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.