പട്ടാപ്പകൽ കാട്ടാന നാട്ടിൽ; ഭീതിയിൽ ജനം
text_fieldsകല്ലടിക്കോട്: പട്ടാപ്പകലും കാട്ടാനകൾ ജനവാസ മേഖലയിൽ കറങ്ങുന്നത് കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിലെ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണി.
കല്ലടിക്കോട്ടെ മലമ്പ്രദേശങ്ങളായ മൂന്നേക്കർ, കരിമല, തുടിക്കോട്, പാങ്ങ്, ചുള്ളിയാംകുളം എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് കാട്ടാന വീടുകൾക്ക് മുന്നിലും പറമ്പിലും കറങ്ങുന്നത്. ഒരാഴ്ചക്കാലമായി ഈ രീതി തുടരുകയാണ്.
മുമ്പ് തുപ്പനാട് പുഴയോരം ചേർന്ന വഴികളിലൂടെയാണ് മൂന്നേക്കറിലും മീൻവല്ലത്തും കുടിനീരിനും നീരാടാനും കാട്ടാന ഒറ്റക്കും കൂട്ടമായും എത്തിയിരുന്നത്.
ഏറ്റവുമൊടുവിൽ വ്യാഴാഴ്ച തുടിക്കോട്ടാണ് കാട്ടുകൊമ്പൻ ഇറങ്ങിയത്. പ്രദേശത്ത് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ലെന്നതാണ് തദ്ദേശവാസികൾക്കുള്ള ഏക ആശ്വാസം.
ദ്രുത പ്രതികരണ സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനയെ കാടുകയറ്റാനായത്.
ചെറുമല, ഇടപറമ്പ്, മീൻവല്ലം, കരിമല, കൂമംകുണ്ട് എന്നിവിടങ്ങളിൽ കാട്ടാനകൾ പതിവായി എത്തുന്നുണ്ട്. ബഹളംവെച്ചും പടക്കം പൊട്ടിച്ചുമാണ് ഇവയെ അകറ്റുന്നത്. അർധരാത്രിയിലിറങ്ങിയ കാട്ടാനകളെ തുരത്താൻ ദ്രുത പ്രതികരണ സംഘം എത്തുമ്പോഴേക്കും കാട്ടാനകൾ ഏതുവഴിയും പോകാമെന്ന സാഹചര്യവുമുണ്ടെന്ന് തദ്ദേശവാസികൾ പറയുന്നു.
വേനൽമഴ കുറഞ്ഞതോടെ പറമ്പുകളിൽ പച്ചപ്പ് കുറവാണ്. തുപ്പനാട് പുഴയോരത്തെ കൃഷിയിടങ്ങളിലെ തളിരിലകളും മറ്റുമാണ് കാട്ടാനകൾ തിന്നുന്നത്. മഴ ശക്തമാവുന്നതോടെ തോട്ടങ്ങളിലും കൃഷിസ്ഥലങ്ങളിലുമുള്ള കിളിർത്ത പുല്ലു തിന്നാൻ കാട്ടാനകൾ കൂട്ടത്തോടെ എത്തുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.
കഴിഞ്ഞ 15 വർഷത്തിനിടെ കാട്ടാനക്കലിയിൽ കല്ലടിക്കോട്ടും പരിസരങ്ങളിലുമായി ആദിവാസി യുവതിയും ബാലികയും ഉൾപ്പെടെ ആറുപേരാണ് മരിച്ചത്. കൂടാതെ വ്യാപകകൃഷിനാശവുമുണ്ടായി. പ്രതിരോധ സംവിധാനങ്ങൾ ദുർബലമായതാണ് കാട്ടാന ശല്യം രൂക്ഷമാവാൻ വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.