ജലാശയങ്ങൾ മലിനീകരണ ഭീഷണിയിൽ
text_fieldsകല്ലടിക്കോട്: പുഴകളിലും കനാലുകളിലും മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെങ്കിലും മലിനീകരണ ഭീഷണിയൊഴിയാതെ ജലാശയങ്ങൾ. തുപ്പനാട് പുഴയിലും കാഞ്ഞിരപ്പുഴ കനാലിലും മാലിന്യം വ്യാപകമായി ഉപേക്ഷിക്കുന്നുണ്ട്. പെട്ടെന്നാരും ശ്രദ്ധിക്കാത്ത സ്ഥലങ്ങളിലാണ് മാലിന്യം തള്ളുന്ന പ്രവണത കൂടുതൽ. തുപ്പനാട് പുഴയിലെ പഴയപാലത്തിനരികെയും പുഴയിലും പ്ലാസ്റ്റിക് ക്യാരിബാഗുകളിലുൾപ്പെടെ നിറച്ചുകൊണ്ട് വരുന്ന മാലിന്യവും മാംസാവശിഷ്ടങ്ങളും തള്ളുന്നു.
ഇതുകാരണം നീരൊഴുക്ക് കുറഞ്ഞ സ്ഥലങ്ങളിൽ പുഴ വെള്ളം കറുത്ത നിറമായി. തുപ്പനാട് മഹല്ല് ജുമാമസ്ജിദ് പരിസരത്ത് മാലിന്യം തള്ളുന്നത് തടയാൻ സി.സി.ടി.വിയും ബാനറും സ്ഥാപിച്ചു. പുതിയ പാലം പണിത് വാഹനങ്ങൾ അതുവഴി തിരിച്ചുവിട്ടതോടെ പൊതുവെ ഇവിടെ ആൾപെരുമാറ്റം കുറഞ്ഞതോടെയാണ് സാമുഹ്യ വിരുദ്ധരും മദ്യപാനികളും പുഴയോരം താവളമാക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മദ്യകുപ്പികളും പുഴയിലേക്കാണ് വലിച്ചെറിയുന്നത്. കൂടാതെ കാഞ്ഞിരപ്പുഴ കനാലിലും ഇത്തരത്തിൽ ഖരമാലിന്യവും ജൈവ മാലിന്യവും ഉപേക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കരിമ്പ, ഇടക്കുർശി പ്രദേശങ്ങളിൽ കനാൽ വൃത്തിയാക്കിയപ്പോൾ പ്ലാസ്റ്റിക് മാലിന്യം വൻതോതിൽ നീക്കിയിരുന്നു.
തുപ്പനാട് പുഴയിലെ വെള്ളമാണ് കരിമ്പ, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സ്. പുഴ മലിനമാവുന്നത് ശുദ്ധജല ലഭ്യതയെ പ്രതികൂലമായി ബാധിക്കും. കൂടാതെ കാഞ്ഞിരപ്പുഴ കനാൽ ജലം മലിനമാവുന്നതോടെ കനാൽ തീര കുടിവെള്ള സ്രോതസ്സുകൾ മലിനമാവാൻ സാധ്യതയേറും. കരിമ്പ പഞ്ചായത്തിലെ ജലാശയങ്ങളുടെ സംരംക്ഷണത്തിന് ആരോഗ്യ വകുപ്പും തദ്ദേശഭരണകൂടവും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ജനകീയ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.