അറുതിയില്ലാതെ അവഗണന: വഴിവിളക്കുകൾ മിഴിപൂട്ടി; അറ്റകുറ്റപ്പണി നീളുന്നു
text_fieldsകല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകൾ മിഴിയടച്ചു. ഉൾനാടൻ ഗ്രാമങ്ങളിലും വഴിവിളക്കുകൾ കത്താതായതായി വ്യാപക പരാതി. ആഴ്ചകളോളം കേടായ വഴിവിളക്കുകൾ നിരവധിയാണ്. മാസങ്ങളായി പാതകൾ പലതും രാത്രിയായാൽ ഇരുട്ടിലാണ്.
പലയിടങ്ങളിലും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മണ്ഡലകാലം വരുന്നതോടെ അതിരാവിലെയും സന്ധ്യക്കും ക്ഷേത്രദർശനത്തിന് ഭക്തർ കാൽനടയായി പോകാനിടയുള്ള മിക്ക വഴികളും ഇരുട്ടിലാണ്. മലയോരമേഖലയിൽ വഴിവിളക്കുകളില്ലെന്ന് കർഷകർക്കും ആക്ഷേപമുണ്ട്.
ഇരുട്ടിയാൽ കാട്ടാന അടക്കം വന്യമൃഗങ്ങളുടെ ശല്യവും കൂടിയതായി കർഷകർ പറയുന്നു. പ്രധാന ജങ്ഷനുകളിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് അപകടങ്ങൾക്ക് നിമിത്തമാവുന്നുണ്ട്. കല്ലടിക്കോട് ദീപ കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായി.
വഴിവിളക്കുകൾ കത്താതായതോടെ പ്രധാന കവലകളിൽ സന്ധ്യ മയങ്ങിയാൽ പരിസരത്തെ സ്ഥാപനങ്ങളിലെ വിളക്കുകളാണ് ഇരുളകറ്റുന്നത്. അതേസമയം, കരിമ്പ ഗ്രാമപഞ്ചായത്തിൽ 1700 വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ മാധ്യമത്തോട് പറഞ്ഞു.
നിലവിൽ പ്രതിവർഷം നാലരലക്ഷം രൂപ വഴിവിളക്കുകൾക്ക് മാത്രമായി നീക്കിവക്കുന്നു. ഉടൻതന്നെ ദർഘാസ് ക്ഷണിച്ച് തെരുവുവിളക്കുകൾ നന്നാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തോട്ടുപാലം അപകടഭീഷണിയിൽ
ഒറ്റപ്പാലം: കണ്ണിയംപുറം-സൗത്ത് പനമണ്ണ വട്ടനാൽ റോഡിലെ കാലപ്പഴക്കം ചെന്ന തോട്ടുപാലം അപകടഭീഷണിയിൽ. പാലത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനക്കമില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
പനമണ്ണ-കോതകുറുശ്ശി-ചെർപ്പുളശ്ശേരി റൂട്ടിലെ ബസുകളുൾപ്പടെ വിവിധ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിലെ പാലമാണിത്. നഗരസഭയുടെ 36 വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ സൗത്ത് പനമണ്ണയിലെ ഖരമാലിന്യ സംസ്കരണ പ്ലാൻറിൽ എത്തിക്കാനുള്ള വാഹനങ്ങളും ഈ വഴിവരും.
അടുത്ത കാലത്തായി പ്രദേശത്ത് അരി ഗോഡൗൺ കൂടി ആരംഭിച്ചതോടെ പാലത്തെക്കുറിച്ച നാട്ടുകാരുടെ ആശങ്കയും ഏറി. ഗോഡൗണിലേക്ക് വരുന്നതും തിരികെ റേഷൻ കടകളിലേക്ക് റേഷൻ സാധനങ്ങൾ കൊണ്ടുപോകുന്നതുമായ അമിത ഭാരം വഹിച്ചുള്ള ലോറികൾ പാലത്തിൽ കൂടി സഞ്ചരിക്കുന്നതാണ് ആശങ്കക്ക് കാരണമാകുന്നത്.
നഗരസഭയിലെ 32ാം വാർഡിലുള്ള പാലം സമീപവാർഡുകാർക്കും അടുത്ത പഞ്ചായത്ത് നിവാസികൾക്കും പതിവായി ആശ്രയിക്കേണ്ട ഒന്നാണ്. 2023-24 വർഷത്തെ നഗരസഭ ബജറ്റിൽ പാലം പുതുക്കി പണിയാൻ തുക വകയിരുത്തിയിരുന്നെങ്കിലും എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധന പോലും ഇതുവരെ നടന്നിട്ടില്ലെന്ന് സമീപ വാർഡിലെ കൗൺസിലർ സി. സജിത്ത് പറഞ്ഞു.
പി.ഡബ്യു.ഡി റോഡല്ലാത്തതിനാൽ നഗരസഭ തന്നെ മുന്നിട്ടിറങ്ങി വേണം പ്രശ്നത്തിന് പരിഹാരം കാണാൻ. പാലം പുതുക്കി നിർമിക്കാൻ നഗരസഭക്ക് താങ്ങാവുന്നതിലും വലിയ തുക ആവശ്യമായി വരുന്നതിനാൽ എം.എൽ.എയോട് ശിപാർശ ചെയ്യാമെന്നാണ് കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ അധികൃതർ അറിയിച്ചതെന്നും സജിത്ത് പറഞ്ഞു.
അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുണ്ട് പാലത്തിന്. ഒരു ദുരന്തം സംഭവിക്കും മുമ്പ് പാലം പുതുക്കി പണിയാൻ നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പുതുനഗരം ടൗണിൽ പൈപ്പ് തകർന്ന് ശുദ്ധജലം റോഡിൽ
പുതുനഗരം: ടൗണിൽ കുടിവെള്ള പൈപ്പ് തകർന്ന് ശുദ്ധജലം റോഡിലൂടെ ഒഴുകുമ്പോഴും ജല അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും അനക്കമില്ല. പുതുനഗരം ടൗണിൽ കൊല്ലങ്കോട് റോഡിലാണ് ഓടകൾക്കകത്ത് നാലിടങ്ങളിൽ പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നത്.
നിരവധി തവണ വ്യാപാരികളും നാട്ടുകാരും ജല അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും ആരോഗ്യവകുപ്പിനും പഞ്ചായത്തിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഓടകൾക്കകത്താണ് പൈപ്പുകൾ തകർന്നത്. ഇതുമൂലം മലിനജലം ശുദ്ധജലവുമായി കലർന്ന് പകർച്ചവ്യാധികൾക്ക് വഴിവെക്കുന്നതായി നാട്ടുകാർ പറയുന്നു.
മൂന്നാഴ്ചയായിട്ടും തകർച്ച പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ തയാറാകാത്തത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. എന്നാൽ ജല അതോറിറ്റി പൈപ്പാണ് തകർന്നതെന്നും ജല അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സുധീര ഇസ്മയിൽ പറഞ്ഞു.
ജല അതോറിറ്റി പൈപ്പ് പണികൾ നടത്തിയില്ലെങ്കിൽ പഞ്ചായത്ത് സ്വമേധയാ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി ഓടകൾ ശരിയാക്കി കുടിവെള്ള വിതരണം സുഗമമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് സുധീര ഇസ്മയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.