ദേശീയപാത ചുങ്കത്തിനടുത്ത വെള്ളക്കെട്ടിന് പരിഹാരമാവുന്നു
text_fieldsകല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട്ട് ചുങ്കം കവലക്കടുത്ത് അപകടക്കെണിയായി മാറിയ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. വെള്ളക്കെട്ട് മൂലം അപകടങ്ങൾ പെരുകിയ പശ്ചാത്തലത്തിൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ.
പാലക്കാട് -കോഴിക്കോട് ദേശീയപാത 966 നവീകരിച്ചെങ്കിലും പാലക്കാട് പാതയിൽ ഇടത് വശത്ത് അഴുക്കുചാൽ നിർമിച്ചിരുന്നില്ല. ഇതേ സ്ഥലത്താണ് മുമ്പുണ്ടായിരുന്ന അഴുക്ക്ചാൽ മണ്ണിട്ട് നികത്തി പാത വീതി കൂട്ടിയിരുന്നത്. പാതവക്കിലെ പ്രതലം നികത്താനിട്ട മണ്ണ് മഴവെള്ള പാച്ചിലിൽ ഒഴുകി താഴ്ന്നതോടെ ഉയർന്ന സ്ഥലങ്ങളിലെ വെള്ളം കൂടി റോഡിൽ തളം കെട്ടി നിന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു.
കഴിഞ്ഞ ദിവസം വെള്ളക്കെട്ട് ഭാഗത്ത് വിരിച്ചിട്ട മെറ്റൽ നീക്കിയെങ്കിലും വെള്ളക്കെട്ട് ഒഴിഞ്ഞിരുന്നില്ല. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മണ്ണ് മാന്തി യന്ത്രം എത്തിച്ച് വെള്ളം പാതവക്കിലെ കുഴിയിലേക്ക് ഒഴുക്കിവിടാൻ വഴിയൊരുക്കി. ബുധനാഴ്ച തളം കെട്ടി നിന്ന വെള്ളം റോഡിൽ നിന്ന് ഒഴുകി പോകുന്നതിന് വഴിയൊരുക്കിയെങ്കിലും വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ദേശീയപാത സുരക്ഷ അതോറിറ്റി ഇടപ്പെട്ട് അഴുക്കുചാൽ ക്രമീകരിക്കണമെന്നാണ് ജനകീയാവശ്യം. അഴുക്കുചാൽ നിർമിച്ചാൽ കല്ലടിക്കോട് ചുങ്കം കവലക്കടുത്ത് വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമാവുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.