കാടുകയറ്റിയ കൊമ്പൻ വീട്ടുമുറ്റത്ത്; മലയോര ഗ്രാമങ്ങൾ പേടിയിൽ
text_fieldsകല്ലടിക്കോട്: മലമ്പ്രദേശ മേഖലയിൽ കറങ്ങിയ കാട്ടാനയെ വനപാലകർ കാട്ടിലേക്ക് തുരത്തിയിട്ടും ഞായറാഴ്ച പുലർച്ചെ വീണ്ടും ജനവാസ മേഖലയിൽ എത്തി. കരിമ്പ മൂന്നേക്കർ മണലിൽ പ്രദേശത്താണ് വീണ്ടും കാട്ടുകൊമ്പൻ ഇറങ്ങി പരാക്രമം കാട്ടിയത്. പ്ലാവിന്റെ ചില്ലകൾ പറിച്ചിട്ടും വാഴപിഴുതിട്ടും തിന്നും ദീർഘനേരം ജനങ്ങളെ പരിഭ്രാന്തരാക്കി. കഴിഞ്ഞദിവസം പകൽ സമയത്ത് പ്രദേശത്ത് ഭീതി പരത്തിയ ഒറ്റയാനെ നാട്ടുകാരും വനംവകുപ്പ് ദ്രുതകർമ സേനയും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തെ തുടർന്നാണ് കാടുകയറ്റിയത്.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഒറ്റയാൻ വൈദ്യുതി വേലികൾ തകർത്ത് ജനവാസ പ്രദേശങ്ങളിലെത്തുകയായിരുന്നു. പുളിമൂട്ടിൽ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തെത്തിയ ആന വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ സമീപത്തുള്ള തൊഴുത്തിന്റെ ഷീറ്റ് തകർത്തുകൊണ്ട് തൊട്ടടുത്ത കൃഷിയിടത്തിലേക്ക് കടന്നു. രാപകൽ വ്യത്യാസമില്ലാതെ വിഹരിക്കുന്ന കാട്ടുകൊമ്പൻ പ്രദേശവാസികളിലാകെ ആശങ്ക പരത്തുന്ന സ്ഥിതിവിശേഷമാണിപ്പോൾ. സ്ഥിരമായി ക്യഷിയിടങ്ങളിലെത്തി വിളകൾ നശിപ്പിക്കുകയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായിമാറുകയും ചെയ്യുന്ന കാട്ടാനയെ തുരത്തുന്നതിന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ അപേക്ഷ.
അതേസമയം, കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ മണ്ണാർക്കാട്, പാലക്കാട് വനം ഡിവിഷനുകളിലാണ് ഉൾപ്പെടുന്നത്. കഴിഞ്ഞദിവസം കാട്ടാന പതിവായി ഇറങ്ങിവന്നിരുന്ന മീൻവല്ലം, കൂമംകുണ്ട്, തുടിക്കോട് എന്നി സ്ഥലങ്ങളിൽ സൗര വേലി സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിച്ചെങ്കിലും ഇനിയും പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. കൂടാതെ കല്ലടിക്കോട് വനത്തിലെ ആനത്താരകളുടെ സംരംക്ഷണത്തിനും പ്രളയാനന്തരം വനം പോഷണ പദ്ധതികളും ആവിഷ്ക്കരിച്ചിട്ടില്ല. രണ്ട് ഘട്ടങ്ങളിലായി പൂർത്തികരിച്ച സൗരോർജ തൂക്കുവേലി ഒരു വർഷക്കാലം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇവയിൽ കാട്ടുവള്ളികൾ പടർന്ന് പ്രവർത്തനക്ഷമത കുറഞ്ഞു.
ഇത്തരം സ്ഥലങ്ങളിൽ മരക്കൊമ്പ് ഇട്ട് തകർത്താണ് പലപ്പോഴും കാട്ടാനകൾ നാട്ടിലെത്തിയിരുന്നത്. നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനത്തിന് സ്ഥിരം സംവിധാനമില്ലാത്തതും വിനയായി. കാട്ടാനകളെ പേടിച്ച് ചക്ക പോലും പാകമാവും മുമ്പ് പലരും പറിച്ച് മാറ്റുകയാണ്. ഒരാഴ്ചക്കാലം ശാന്തനായി കണ്ട കാട്ട് കൊമ്പൻ കാടിറങ്ങിയത് ഇക്കുറി കലി തുള്ളിയാണ്. കൃഷിയും നശിപ്പിക്കുന്നത് തുടരുന്നു.ഇത്തരമൊരു സാഹചര്യം ജനങ്ങളുടെ കാട്ടാന ഭീതി ഇരട്ടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.