ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; 250 റബർ മരങ്ങൾ നശിപ്പിച്ചു
text_fieldsകല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. മീൻവല്ലത്ത് ഒറ്റദിവസം നശിപ്പിച്ചത് 250 ഓളം റബർ മരങ്ങൾ. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചിരുന്നതിന് പിറകെ കാട്ടാനകൾ റബർ മരങ്ങളും നശിപ്പിക്കുന്നത് കർഷകർക്ക് തലവേദനയായി. മീൻവല്ലം കല്ലുപാലം സാജൻ കെ. ജോണിന്റെ ഉടമസ്ഥതയിലുള്ള കൃഷി ഭൂമിയിലാണ് വെള്ളിയാഴ്ച രാത്രിയിൽ കാട്ടാനക്കൂട്ടം വിളയാടിയത്. റബറിന്റെ തൊലി കുത്തിപ്പൊളിച്ച് തിന്ന നിലയിലാണ്. തൊലി നഷ്ടപ്പെട്ട മരങ്ങൾ പൂർവ സ്ഥിതിയിലെത്തില്ലെന്ന് കർഷകർ പറയുന്നു. പത്തോളം വരുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കുന്നത് കർഷകരെ ഏറെ ഭീതിയിലാഴ്ത്തി.
കഴിഞ്ഞ ദിവസം ചുള്ളിയാംകുളം പ്രദേശത്തുണ്ടായ കാട്ടാന ആക്രമണത്തിൽനിന്ന് മരുതുംകാട് മാളിയേക്കൽ ചാക്കോ ദേവസ്യ എന്നയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏതാനും നാളുകൾക്ക് മുൻപ് മീൻവല്ലത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ പുല്ലാട്ട് വീട്ടിൽ സൻജു മാത്യു എന്ന യുവാവിന് സാരമായി പരിക്കേറ്റിരുന്നു. കാട്ടാന ശല്യം വർധിക്കുന്നതിനെതിരെ ശക്തമായ ജനകീയ സമരങ്ങളിലേക്ക് കടക്കാനുള്ള ആലോചനയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.