കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ; പരിഹാരം അകലെ
text_fieldsകല്ലടിക്കോട്: കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ തമ്പടിക്കാൻ തുടങ്ങിയതോടെ മലയോര കുടിയേറ്റ കർഷകരുടെ ഭീതി വിട്ടുമാറുന്നില്ല. 15 വർഷമായി കാട്ടാനശല്യമുണ്ടെങ്കിലും ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്ന രീതികൾ മുൻകാലങ്ങളിൽ കുറവായിരുന്നു. വിള നശിപ്പിക്കുന്നതിന് ഉപരി ജനങ്ങളുടെ വീട്ടുമുറ്റത്തെത്തി വിറക് പുരയും പണി ആയുധങ്ങളും വിത്തും ചവിട്ടി മെതിക്കുന്ന കാട്ടാനക്കൂട്ടമാണ് കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്നത്. വെള്ളിയാഴ്ച പുലർച്ചയും മൂന്നംഗ കാട്ടാനക്കൂട്ടത്തെ ജനവാസ മേഖലക്കടുത്ത് വനാതിർത്തിയിൽ കണ്ടവരുണ്ട്. പരാക്രമിയായ കാട്ടുകൊമ്പനും കുട്ടിയും അടക്കമുള്ള കാട്ടാനകളാണ് നാട്ടിലിറങ്ങിയത്.
വന്യമൃഗശല്യം തടയാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തത് മലയോരവാസികളുടെ കാട്ടാനപ്പേടി ഇരട്ടിപ്പിക്കുകയാണ്. ധോണിയിലും പരിസരങ്ങളിലും ഉണ്ടായിരുന്ന കാട്ടാനക്കൂട്ടമാണ് മൂന്നേക്കറിലെത്തിയതെന്ന നിഗമനമുണ്ട്. കാട്ട് തീയിൽ ധോണി വനമേഖല കത്തിയമർന്നതോടെ കാട്ടാനക്കുട്ടിക്ക് തളിർപുല്ല് പോലുള്ള തീറ്റ ലഭ്യത കുറഞ്ഞു. തുപ്പനാട് പുഴപ്രദേശമായ മീൻവല്ലത്ത് കാട്ടാനകൾ തമ്പടിക്കാനുള്ള സാഹചര്യം ഇതാണ്. അമ്പതേക്കർ പ്രദേശത്തും പരിസരങ്ങളിലുമുള്ള തണൽ മരങ്ങളും പച്ചപ്പും കുടിനീർ ലഭ്യതയുള്ള പുഴയും കാട്ടാനകൾക്ക് ഇഷ്ടകേന്ദ്രമാണ്.
യുവകർഷകൻ സഞ്ജു മാത്യു കാട്ടാന ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മൂന്നേക്കർ ജനകീയ കൂട്ടായ്മ പ്രതിഷേധ സദസ്സും പന്തം കൊളുത്തി പ്രകടനവും നടത്തി. വന്യമൃഗശല്യം കൂടിയ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാത്തതിലും വനംവകുപ്പിനെതിരെ മലയോര മേഖലയിൽ അമർഷം പുകയുകയാണ്. വിവിധ സംഘടനകൾ ഒന്നിച്ചും വേറിട്ടും വിവിധ പ്രതിഷേധമുറകൾ സ്വീകരിക്കും.
കല്ലടിക്കോടൻ മലയോര മേഖലയിൽ കാട്ടാനകളുടെ ആക്രമണങ്ങൾ വർധിച്ചുവരുന്നതിൽ പ്രതിക്ഷേധിച്ച് മേയ് ഒന്നിന് ഫോറസ്റ്റ് ഓഫിസ് മാർച്ച് നടത്തുമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലക്കാട് രൂപതാ സമിതി പ്രസിഡന്റ് തോമസ് ആന്റണി അറിയിച്ചു. കർഷകർക്ക് സ്വന്തം ഭൂമിയിൽ സുരക്ഷിതമായി ജീവിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും കാട്ടുമൃഗങ്ങളെ കാട്ടിനകത്ത് നിർത്തണമെന്നും നാട്ടിലിറങ്ങിയാൽ നാട്ടുമൃഗങ്ങളായി കണക്കാക്കാൻ അധികാരികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നേക്കറിൽ നടന്ന പ്രതിഷേധ സദസ്സിൽ ജനപ്രതിനിധികളും പൗരപ്രമുഖരും വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.