കൽപാത്തി ദേവസംഗമം ഇന്ന്
text_fieldsപാലക്കാട്: വേദസമ്പുഷ്ടിയില് മുങ്ങിനിവര്‍ന്ന ഒരു തേരുകൂടി ഉരുണ്ടെത്തിയതോടെ രഥോത്സവത്തിന്റെ രണ്ടാംദിനത്തില്‍ കല്പാത്തിയില് പ്രദക്ഷിണം വയ്ക്കുന്ന തേരുകളുടെ എണ്ണം നാലായി. വ്യാഴാഴ്ചയാണ് ദേവസംഗമം ആഘോഷിക്കുന്നത്. രണ്ടെണ്ണം കൂടിയെത്തുന്നതോടെ ഇന്ന് സന്ധ്യക്ക് തേരുമുട്ടിയില്‍ അരങ്ങേറുന്ന ദേവസംഗമത്തില്‍ പങ്കെടുക്കുന്ന രഥങ്ങളുടെ എണ്ണം ആറാകും. കണ്ണഞ്ചിക്കുന്ന അലൗകികപ്രഭയില്‍ വിരിയുന്ന സംഗമം ഏറ്റുവാങ്ങാന്‍ അഗ്രഹാരവീഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. ആദ്യദിനത്തില്‍ അച്ചന്‍പടിയില്‍ പ്രയാണം അവസാനിപ്പിച്ച വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങള്‍ ബുധനാഴ്ച രാവിലെ പ്രയാണം തുടര്‍ന്നു. പുതിയ കല്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥാരോഹണമായിരുന്നു രണ്ടാംദിനത്തിലെ ആകര്ഷകക്കാഴ്ച. അലങ്കരിച്ച ഈ രഥം രാവിലെ ഒമ്പതരക്കുശേഷം പ്രയാണമാരംഭിച്ചപ്പോള്‍ അഗ്രഹാരത്തെരുവ് ജനസമുദ്രമായി.
പഴയ കല്പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ കളഭാഭിഷേകവും രാത്രിയില്‍ കുതിരവാഹന എഴുന്നള്ളിപ്പും അരങ്ങേറി. ആകെ ആറ് രഥങ്ങളാണ് രഥോത്സവത്തിൽ പങ്കെടുക്കുന്നത്. വിശ്വനാഥനും വിശാലാക്ഷിക്കും ആദ്യ രഥവും രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് മൂന്നും വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. ബാക്കി മൂന്നു രഥങ്ങൾ മറ്റു മൂന്നു ക്ഷേത്രങ്ങളിൽ നിന്നുള്ളവയാണ്. വ്യാഴാഴ്ച ആറു രഥങ്ങളുടെയും പ്രയാണത്തിനൊടുവിലാണ് ഒമ്പതോടെ കുണ്ടമ്പലത്തിന് സമീപമുള്ള തേരുമുട്ടിയില്‍ രഥസംഗമം നടക്കുക. തെരുവിലൂടെ ക്ഷേത്രത്തിലേക്ക് രഥം വലിക്കാൻ എത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്.
ഇന്ന് പ്രാദേശിക അവധി
പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.