അഗ്രഹാര വീഥികളിൽ ഇനി ദേവരഥ പ്രയാണം
text_fieldsപാലക്കാട്: ഭക്തിനിർഭരമായ കൽപാത്തിയുടെ അഗ്രഹാര വീഥികളിൽ ഇനി ദേവരഥ പ്രയാണം. തിങ്കളാഴ്ച കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളുടെ മൂർധന്യത്തിലാണ് പൈതൃക ഗ്രാമം.
പ്രാർഥനാപുണ്യവുമായി ഞായറാഴ്ച വിശ്വാസത്തേരേറി. ഉത്സവനാഥനായ കൽപാത്തി കുണ്ടമ്പലം ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമിയുടെയും പരിവാരദേവതകളുടെയും രഥങ്ങളാണ് ഒന്നാം ദിനം രഥവീഥിയിലെത്തിയത്.
രാവിലെ ഭക്തിസാന്ദ്രതയിൽ തിരുകല്യാണ ഉത്സവം രഥാരോഹണവും തുടർന്ന് രഥപ്രയാണവും നടന്നു. രാവിലെ മഹാന്യാസം പുരസര ഏകാദശ രുദ്രജപം, അഭിഷേകം, അലങ്കാരപൂജ, ദീപാരാധന, യാഗശാലയിൽ വിശേഷ ഹോമങ്ങളും വൈകീട്ട് അലങ്കാരം, ഷോഡശ ഉപചാരപൂജ, എഴുന്നള്ളത്ത് എന്നിവയും നടന്നു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി വെറും ചടങ്ങുകൾ മാത്രമായി ഒതുക്കേണ്ടി വന്നു. എന്നാൽ, ഈ പ്രാവശ്യം നിയന്ത്രണത്തോടെയാണെങ്കിലും ഉത്സവം നടത്താനുള്ള അനുമതി ലഭിച്ച സന്തോഷത്തിലാണ് ഗ്രാമവാസികൾ.
പൊലീസ് നിയന്ത്രണത്തിൽ കൽപ്പാത്തി
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിൽ ആചാരങ്ങൾ തെറ്റിക്കാതെ രഥപ്രയാണം നടത്തുന്നതിന് സർക്കാർ നിർദേശം വന്നതിനെ തുടർന്ന് കൽപ്പാത്തി ഗ്രാമത്തിലും ക്ഷേത്രപരിസരങ്ങളിലും പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ചടങ്ങുകളിൽ കൽപ്പാത്തി ഗ്രാമവാസികൾക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുമുണ്ട്. ചാത്തപുരം, മിനി ചാത്തപുരം, ശേഖരിപുരം ജങ്ഷൻ, മന്ദക്കര ഗണപതി കോവിൽ ജങ്ഷൻ, ഗോവിന്ദരാജപുരം ജങ്ഷൻ തുടങ്ങിയ പ്രധാന വഴികൾ ബാരിക്കേഡ് വെച്ച് അടച്ച് പൊലീസ് നിയന്ത്രണത്തിലാണ്. അഗ്രഹാരത്തിന് പുറത്തേക്ക് പോകുന്നതിന് നിയന്ത്രണമില്ല.
ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നയാളുകളെ പൊലീസ് പരിശോധന നടത്തി മാത്രമാണ് കടത്തിവിടുന്നത്. ഞായറാഴ്ച രാവിലെ പത്തു മുതൽ ചൊവ്വാഴ്ച രാത്രി രഥോത്സവ ചടങ്ങുകൾ അവസാനിക്കുന്നത് വരെയാണ് നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.