കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് തറവാടക പിരിക്കൽ: നഗരസഭയുടെ മുൻകൂർ അനുമതിയിൽ പടലപ്പിണക്കം; ബഹളം
text_fieldsപാലക്കാട്: കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് തറവാടക പിരിക്കാൻ ചെയർപേഴ്സൻ നൽകിയ മുൻകൂർ അനുമതിക്കെതിരെ ഭരണകക്ഷിയംഗങ്ങൾ തന്നെ രംഗത്തെത്തിയതോടെ ശബ്ദമയാനമായി നഗരസഭ. ബി.ജെ.പി കൗൺസിലർമാർക്കിടയിലെ പടലപ്പിണക്കം നഗരസഭയുടെ പ്രവർത്തനത്തെ ബാധിച്ചതായി ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
തറവാടകയിലെ ‘തറയും തമ്മിലടി’യും
വ്യാഴാഴ്ച ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കൽപ്പാത്തി രഥോത്സവത്തിൽ തറവാടക പിരിക്കാൻ ടെൻഡർ അംഗീകരിച്ച് കരാറുകാരന് മുൻകൂർ അനുമതി നൽകിയത് പരിഗണിക്കുന്നതിനിടെ ഭരണകക്ഷി കൗൺസിലർമാർ തന്നെ അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. മുതിർന്ന ബി.ജെ.പി കൗൺസിലർ പ്രമീള ശശിധരനാണ് അജണ്ടക്കിടെ ആദ്യം ചെയർപേഴ്സന്റെ തീരുമാനത്തെ എതിർത്തത്. തുടർന്ന് സംസാരിച്ച വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് അനുമതിക്ക് നിയമപരമായ തടസ്സമുണ്ടെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.
ഇതിനിടെ ചെയർപേഴ്സൻ മുൻകൂർ അനുമതി സദുദ്ധേശപരമാണെന്ന് മനസിലാക്കുന്നെന്നും അംഗീകരിക്കുന്നെന്നും കാണിച്ച് സി.പി.എമ്മും യു.ഡി.എഫും തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തിയതോടെ പ്രതിപക്ഷ- ഭരണപക്ഷ കക്ഷികൾ തമ്മിൽ ബഹളമായി. രഥോത്സവവുമായി ബന്ധപ്പെട്ട് ടെൻഡർ വിളിച്ച് ഉയർന്ന നിരക്ക് സമർപ്പിച്ചയാൾക്കാണ് കരാർ നൽകിയതെന്ന് ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു. മുൻവർഷങ്ങളിലും സമാനമായി അനുമതി നൽകിയിരുന്നുവെന്നും ചെയർപേഴ്സൻ വിശദീകരിച്ചെങ്കിലും വൈസ് ചെയർമാനടക്കമുള്ളവർ ഇത് നിയമവിരുദ്ധമാണെന്ന വാദത്തിൽ ഉറച്ചുനിന്നതോടെ ചെയർപേഴ്സൻ വിഷയത്തിൽ കൗൺസിലിന് തീരുമാനമെടുക്കാമെന്ന് അറിയിച്ചു. ഇതിനിടെ ബി.ജെ.പി അംഗങ്ങൾ സ്വന്തം ചെയർപേഴ്സനോട് പക വീട്ടുകയാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചത് വീണ്ടും ബഹളത്തിന് കാരണമായി.
വാദം
കഴിഞ്ഞ മാർച്ച് 30ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കരാർ പ്രവൃത്തി ഏറ്റെടുത്തയാളാണ് നിലവിൽ കൽപ്പാത്തി രഥോത്സവത്തിന് തറവാടക പിരിക്കാനും കരാറിന് അനുമതി നേടിയിരിക്കുന്നത്. മുനിസിപ്പൽ ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട കരാറനുസരിച്ച് മേയ് മുതൽ ഡിസംബർ വരെ നിശ്ചിത തുക അതത് മാസം പത്താം തീയതികൾക്ക് മുമ്പായി അടക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. വൈകിയാൽ 12ശതമാനം പലിശ പിഴയായി അടക്കണം. എന്നാൽ ചില മാസങ്ങളിൽ ദിവസങ്ങളോളം വൈകിയാണ് കരാറുകാരൻ തുകയടച്ചതെന്നും പിഴ അടച്ചിരുന്നില്ലെന്നുമാണ് വൈസ് ചെയർമാനും ഒരുവിഭാഗം ബി.ജെ.പി അംഗങ്ങളും കൗൺസിലിൽ ചൂണ്ടിക്കാണിച്ചത്. ഇത്തരത്തിൽ പണമൊടുക്കാനുള്ള ഒരാൾക്ക് പുതിയ ടെൻഡറിൽ പങ്കെടുക്കാനാവില്ലെന്നും ഇവർ പറഞ്ഞു. ഇതിന് പുറമെ കൽപാത്തിയിൽ കച്ചവടം നടത്തുന്ന കുടുംബശ്രീ അംഗങ്ങളെ ഇയാൾ തടഞ്ഞു. നിലവിലെ അനുമതി റദ്ദ് ചെയ്ത് നഗരസഭ തറവാടക നേരിട്ട് പിരിക്കണമെന്നും വൈസ് ചെയർമാനടക്കമുള്ളവർ ആവശ്യപ്പെട്ടു.
മറുവാദം
ഭരണകക്ഷിയായ ബി.ജെ.പിയിലെ ഉൾപ്പോര് മറനീക്കി പുറത്തുവരികയാണെന്നും ചിലരുടെ വ്യക്തി താത്പര്യങ്ങളാണ് മുൻകൂർ അനുമതിക്കെതിരെ രംഗത്ത് വരുന്നതിന്റെ പിന്നിലെന്നും പ്രതിപക്ഷ കക്ഷി അംഗങ്ങൾ ആരോപിക്കുന്നു. ഇതുവരെ ഇല്ലാത്ത കാർക്കശ്യം ഈ കരാറിൽ മാത്രം ഉയർന്നുവരുന്നത് ചെയർപേഴ്സുമായുള്ള ഭരണകക്ഷിയിലെ മറ്റംഗങ്ങളുടെ അഭിപ്രായ ഭിന്നതയാണ്. അനുമതി റദ്ദ് ചെയ്ത് നഗരസഭ സ്വന്തം നിലക്ക് തറവാടക പിരിച്ചാൽ നാളെ ടെൻഡർ തുകയുമായി വ്യത്യാസമുണ്ടാകുന്ന സാഹചര്യത്തിൽ കൗൺസിലിന് മുകളിൽ സാമ്പത്തികഭാരം വരും. നിലവിലെ കരാറുകാരനെതിരെ ഉന്നയിക്കുന്ന ആരോപണം ബാലിശമാണെന്നും കരാർ നൽകുന്നതിന് തടസ്സമില്ലെന്നും പ്രതിപക്ഷ കക്ഷികൾ പറഞ്ഞു.
ഒടുവിൽ അനുമതി ഇല്ലാതായി
ചെയർപേഴ്സന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വെല്ലുവിളിച്ചും ബഹളം മുറുകുന്നതിനിടെ ഭൂരിപക്ഷാഭിപ്രായം മുൻനിർത്തി മുൻകൂർ അനുമതി റദ്ദ് ചെയ്യുന്നതായി ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു.
താൻ താമര ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചാണ് ചെയർപേഴ്സനായതെന്നും നഗരസഭയിലെ 146000 ജനങ്ങളുടെ ചെയർമാനാണ് താനെന്നും ചെയർപേഴ്സൻ കൗൺസിലിൽ പറഞ്ഞു.
വിഷയത്തിൽ അനുമതി റദ്ദാക്കിയതിനെതിരെ പ്രതിപക്ഷ കക്ഷിയംഗങ്ങൾ പ്രതിഷേധിച്ച് മുദ്രവാക്യം വിളിച്ച് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.