കൽപ്പാത്തി വെൽനെസ് സെന്റർ അഴിമതി ആരോപണം; നഗരസഭ യോഗത്തിൽ വാക്കേറ്റം
text_fieldsപാലക്കാട്: കൽപ്പാത്തി വെൽനെസ് സെന്റർ അഴിമതി ആരോപണത്തിൽ നഗരസഭാ യോഗത്തിൽ ബഹളവും വാക്കേറ്റവും. കൂടിയ വാടക നിശ്ചയിച്ചതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം അരോപിച്ചപ്പോൾ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇതോടെ സി.പി.എം-കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നീട് നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കാൻ സൗജന്യമായി വീട് വിട്ട് നൽകിയ ആളുടെ പേരിലാണ് കൽപ്പാത്തി വെൽനെസ് സെന്റർ കെട്ടിടമെന്നും ഇതിന്റെ പ്രതിഫലമാണ് ഉയർന്ന വാടകയെന്നും കൗൺസിലർ സലീന ബീവി പറഞ്ഞു. സംഭവത്തിൽ വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം വിജിലൻസ് അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്ന് എ. കൃഷ്ണൻ പറഞ്ഞു. കൽപ്പാത്തി ആറാം വാർഡിൽ നഗരസഭക്ക് അനുവദിച്ച ഹെൽത്ത് വെൽനസ് സെന്ററിനായി മോണിറ്ററിങ് കമ്മിറ്റി നിശ്ചയിച്ച 33,000 രൂപ വാടക എന്നത് വളരെ കൂടുതലാണെന്നും പാർക്കിങ് പോലും ഇല്ലാത്ത കെട്ടിടം തന്നെ വേണമെന്നും വാശിപിടിച്ച മോണിറ്ററിങ് കമ്മിറ്റി തീരുമാനം ഏകകണ്ഠമല്ലായെന്ന് കൗൺസിലർ സെയ്ദ് മീരാൻ ബാബു അഭിപ്രായപ്പെട്ടു.
സാങ്കേതിക പരിജ്ഞാനമുള്ള മുനിസിപ്പൽ എൻജിനീയറുടെ വിയോജനക്കുറിപ്പ് കമ്മിറ്റി കൺവീനറായ സെക്രട്ടറിയുടെയും ഹെൽത്ത് സൂപ്പർ വൈസറുടെയും എൻ.എച്ച്.എം പ്രോഗ്രാം ഓഫിസറുടെയും തീരുമാനം സഭയിൽ വെക്കാൻ വിസമ്മതിച്ച ചെയർപേഴ്സന്റെ നടപടി സഭാനടപടികൾക്ക് യോജിക്കാത്തതാണെന്ന് യു.ഡി.എഫ് കൗൺസിലർമാരായ പി.കെ. ഹസ്സനപ്പ, ഡി.ഷജിത്കുമാർ എന്നിവർ പറഞ്ഞു. വിഷയത്തിൽ വാടക നിശ്ചയിക്കാനുള്ള അധികാരം ഭരണസമിതിക്കുണ്ടെന്നും തീരുമാനത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്നും ചെയർപേഴ്സൺ പ്രമീള ശശിധരൻ പറഞ്ഞു. ഇതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപോയി. ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൈതൃക ഗ്രാമമായതിനാൽ കൽപ്പാത്തിയിൽ വെൽനെസ് സെന്ററിനായി കണ്ടെത്തിയ കെട്ടിടം പുതുക്കിപ്പണിയാൻ ചീഫ് ടൗൺ പ്ലാനറുടെ അനുമതി ഇല്ലെന്നകാര്യം ബി.ജെ.പി യോഗത്തിൽ സമ്മതിച്ചു.
എന്നാൽ വീടിന്റെ പട്ടിക മാത്രമാണ് മാറ്റുന്നതെന്നും മറ്റ് നിർമാണങ്ങൾ നടക്കുന്നില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. തുടർന്ന് കൂടൂതൽ ചർച്ചകൾ ഒഴിവാക്കി അജണ്ട പാസാക്കുകയാണ് ഭരണപക്ഷം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.