കൽപാത്തി ഒരുങ്ങി; ഇന്ന് ഒന്നാം തേര്
text_fieldsപാലക്കാട്: രാവും പകലും ആഘോഷമാക്കുന്ന കൽപാത്തി രഥോത്സവത്തിന് നാട് ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികൾക്കൊപ്പം വിനോദസഞ്ചാരികളും എത്തിച്ചേരുന്ന കൽപാത്തി രഥോത്സവം ഓരോ വർഷവും വലിയ ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്. ഉത്സവത്തിനൊപ്പം കൽപാത്തിക്കാർക്ക് ഓരോ രഥോത്സവവും കൂടിച്ചേരൽ കാലം കൂടിയാണ്. 14, 15, 16 തീയതികളിൽ ആണ് പ്രധാന രഥോത്സവം നടക്കുക. ചൊവ്വാഴ്ച നടക്കുന്ന ഒന്നാം തേരിന്റെ പ്രയാണ ദിനത്തിൽ കുണ്ടമ്പലത്തിലെ വിശാലക്ഷി സമേത വിശ്വനാഥസ്വാമി, മഹാഗണപതി, വള്ളിദേവസേനാ സമേതനായ സുബ്രഹ്മണ്യൻ എന്നീ ദേവി ദേവന്മാരെ വഹിച്ചു കൊണ്ടുള്ള ദേവരഥ പ്രയാണം നടക്കും.
പതിനഞ്ചിന് രണ്ടാം തേരിന്റെ പ്രയാണത്തിൽ മന്തക്കര മഹാ ഗണപതി ക്ഷേത്രത്തിലെ രഥവും മൂന്നാം തിരുനാളിൽ പഴയ കൽപാത്തി ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ രഥവും, ചാത്തപുരം അഗ്രഹാരത്തിലെ ഗണപതി രഥവും പ്രയാണം ആരംഭിക്കുന്ന വിധത്തിലാണ് പ്രധാന ചടങ്ങുകൾ. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലെ രഥോത്സവങ്ങളെ ഒരുമിച്ച് പറയുന്നതാണ് കൽപാത്തി രഥോത്സവം. പുതിയ കല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളിൽ നിന്നുമെത്തുന്ന തേരുകൾ ഇവിടെ വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ ഒന്നിച്ചുചേര്‍ന്ന് നാല് തേരുകളും വലിയ സംഘമായി മുന്നോട്ട് പോകുന്ന ആഘോഷപൂർവമായ ചടങ്ങാണ് രഥോത്സവം.
ആകെ ആറ് രഥങ്ങളാണ് രഥോത്സവത്തിൽ പങ്കെടുക്കുക. വിശ്വനാഥനും വിശാലാക്ഷിക്കും ആദ്യ രഥവും രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് മൂന്നും വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. ബാക്കി മൂന്നു രഥങ്ങൾ മറ്റു മൂന്നു ക്ഷേത്രങ്ങളിൽ നിന്നുള്ളവയാണ്. തെരുവിലൂടെ ക്ഷേത്രത്തിലേക്ക് രഥം വലിക്കാനായി എത്തിച്ചേരുന്ന വിശ്വാസികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.