കണയം റോഡ്: ദുരിതത്തിന്‍റെ കാണാക്കയം
text_fieldsതകർന്ന കണയം റോഡ്
ഷൊർണൂർ: പതിറ്റാണ്ടിലധികമായി തകർന്ന് കിടക്കുന്ന കണയം റോഡിലൂടെയുള്ള യാത്ര ദുരിതപൂർണം. പ്രതലമാകെ തകർന്ന റോഡിലെ കുഴികളിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളവും ചളിയും നിറയുന്നു. നിരന്തരം പൈപ്പ് പൊട്ടുന്നതും ഇത് നന്നാക്കാൻ റോഡ് വെട്ടിപ്പൊളിക്കുന്നതും കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് കൊടുക്കാനാകാത്ത അവസ്ഥയാണ്. പലപ്പോഴും ഇരുചക്രവാഹനക്കാർ നിലത്ത് വീഴുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചളി തെറിക്കുന്നത് കാൽനടയാത്രക്കാരെയും വലക്കുന്നു.
റോഡിന്റെ പുനർനിർമാണത്തിനായി അനുവദിച്ച നാല് കോടിയുടെ പദ്ധതി നടത്തിപ്പിലും ആശയക്കുഴപ്പമുണ്ട്. അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക് ആൻഡ് അലൈൻ ലിമിറ്റഡ് (കെ.ഇ.എൽ) കമ്പനിയെയാണ് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) നൽകാൻ ചുമതലപ്പെടുത്തിയത്. ഡിസംബർ 15ന് ഇതിന് അനുമതി നൽകി. അഞ്ചര മീറ്റർ വീതിയിൽ ബിറ്റുമെൻ മെക്കാഡം ബിറ്റുമെൻ കോൺക്രീറ്റ് (ബി.എം.ബി.സി) രീതിയിൽ ഒരു കിലോമീറ്റർ ദൂരം നിർമാണം നടത്തണമെങ്കിൽ 1.25 കോടി രൂപ വേണം.
അപ്പോൾ നാല് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പകുതി ഭാഗത്തെ പ്രവൃത്തി മാത്രമേ പൂർത്തിയാക്കാനാകൂ. നാല് കോടി രൂപ പാസായിട്ടുണ്ടെങ്കിലും ഇതിൽ 18 ശതമാനം ജി.എസ്.ടി ഇനത്തിൽ സർക്കാറിലേക്ക് തന്നെ തിരിച്ചുപോകും. ഇതിനാൽ റോഡിന്റെ പ്രവൃത്തി മുഴുവനായും പൂർത്തിയാക്കാനാകില്ല. ഇതിന് പുറമെ റോഡിന്റെ ഏതറ്റത്ത് നിന്ന് പ്രവൃത്തി തുടങ്ങണമെന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നു.
ഈ റോഡിലെ കുളപ്പുള്ളി ആലിൻചുവട് മുതൽ യു.പി സ്കൂൾ വരെയുള്ള ഭാഗം മാസങ്ങൾക്ക് മുമ്പ് 25 ലക്ഷം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ബാക്കി ഭാഗത്ത് പ്രവ്യത്തി നടത്തിയാൽ റോഡിലെ ദുരിതം പരിധി വരെ തീരും. എന്നാൽ, അടുത്തിടെ പുതുക്കിപ്പണിത ടാറിങ് ഭാഗവും സിമന്റ് കട്ട വിരിച്ച ഭാഗവും പൊളിച്ച് ബി.എം.ബി.സി പ്രവൃത്തി നടത്താനാണ് നീക്കം.
ഇതിനെതിരെ പ്രതിഷേധം ഉയർന്ന് തുടങ്ങിയിട്ടുണ്ട്. നിലവിൽ ആകെ തകർന്ന് കിടക്കുന്ന ഭാഗത്ത് പ്രവൃത്തി നടത്തണമെന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്. ഇതുസംബന്ധിച്ച് വ്യാഴാഴ്ച എം.എൽ.എയുടെയും നഗരസഭ ചെയർമാന്റെയും സാന്നിധ്യത്തിൽ യോഗം ചേരുന്നുണ്ട്. ഇതിൽ തീരുമാനമായാലും റിപ്പോർട്ട് തയാറാക്കാനും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാനും വൈകിയാൽ ദുരിതം തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.