ബജറ്റിലുണ്ട്; ഇത്തവണയെങ്കിലും യാഥാർഥ്യമാകുമോ കണ്ണംകുണ്ട് പാലം?
text_fieldsഅലനല്ലൂർ: കണ്ണംകുണ്ട് പാലത്തിനായുള്ള വർഷങ്ങളുടെ കാത്തിരിപ്പിന് ഇത്തവണയെങ്കിലും അറുതിയാകുമോ?. സംസ്ഥാന ബജറ്റിൽ കണ്ണംകുണ്ട് പാലം വീണ്ടും ഇടം പിടിച്ചതോടെ ചർച്ച സജീവമാകുകയാണ്. ഇത് മൂന്നാം തവണയാണ് കണ്ണംകുണ്ട് പാലം ബജറ്റിൽ ഉൾപ്പെടുന്നത്. യു.ഡി.എഫ് ഭരണകാലത്ത് റോഡിനും പാലത്തിനുമായി ഫണ്ട് അനുവദിച്ചു. പാലം നിർമിക്കാനാവശ്യമായ സ്ഥലം വിട്ടുകിട്ടാതെ വന്നതോടെ പാലം നിർമാണം ബാക്കിയായി.
പിന്നീട് കിഫ്ബിയിൽ ഉൾപ്പെടുത്തി എട്ട് കോടി രൂപ അനുവദിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും പത്തുകോടിക്കു താഴെയുള്ള പദ്ധതികൾ കിഫ്ബി ഒഴിവാക്കിയതോടെ പാലം വീണ്ടും വെള്ളത്തിലായി. പിന്നീട് പത്തുകോടിയായി ഉയർത്തിയെങ്കിലും ഭരണാനുമതി ലഭിച്ചതുമില്ല. 1992ലാണ് അലനല്ലൂരിനെയും എടത്തനാട്ടുകരയെയും തമ്മിൽ ബന്ധിപ്പിച്ച് വെള്ളിയാറിനു കുറുകെ കണ്ണംകുണ്ടിൽ കോസ്വേ നിർമിച്ചത്.
മലയോര മേഖലയായ എടത്തനാട്ടുകരയിലെ കർഷകർക്ക് വിളകൾ ചന്തകളിലും മറ്റും എത്തിക്കാനും ആശുപത്രി, പഞ്ചായത്ത് ഓഫിസ് എന്നിവ സ്ഥിതി ചെയ്യുന്ന അലനല്ലൂരിൽ വേഗത്തിൽ എത്താനും കോസ്വേ സൗകര്യമായി. എന്നാൽ, മഴക്കാലങ്ങളിൽ വെള്ളിയാറിലുണ്ടാകുന്ന മഴവെള്ളപ്പാച്ചിൽ ഉയരം കുറഞ്ഞ കോസ്വേ മുങ്ങുന്നത് യാത്രക്ക് തിരിച്ചടിയായി.
ഇതോടെയാണ് കണ്ണംകുണ്ട് പാലം എന്ന ആവശ്യം ഉയർന്നത്. മുമ്പ് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം മാറിയ സ്ഥിതിക്ക് ഇത്തവണയെങ്കിലും പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.