കഞ്ചിക്കോട് കാത്തിരിക്കുന്നു എന്നുവരും വികസനം ?
text_fieldsപാലക്കാട്: വ്യവസായ മേഖലയായ കഞ്ചിക്കോട് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. പൊട്ടിപ്പൊളിഞ്ഞതും വീതി കുറഞ്ഞതുമായ റോഡിലൂടെയാണ് നിരവധി ഇതര സംസ്ഥാന ലോറികൾ അടക്കം വ്യവസായ മേഖലയിലേക്ക് എത്തുന്നത്. ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമോ തൊഴിലാളികൾക്ക് പ്രാഥമിക കർത്തവ്യങ്ങൾക്കുള്ള സൗകര്യമോ മേഖലയിലില്ല.
തകർന്നതും വീതികുറഞ്ഞതുമായ റോഡുകൾ
സംസ്ഥാന ഖജനാവിലേക്ക് കോടികളുടെ നികുതി വരുമാനം സമ്മാനിക്കുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡുകളുടെ സ്ഥിതി അതിദയനീയമാണ്. റോഡ് തകർന്നടിഞ്ഞ് മാസങ്ങളായിട്ടും അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ല. ഇതുകൊണ്ടുതന്നെ ഗതാഗതക്കുരുക്കും അപകടവും പതിവാണ്. പലപ്പോഴും വിവിധ കമ്പനികളിലെ ചരക്കുഗതാഗതം പോലും സ്തംഭിക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു. റോഡ് നന്നാക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും കണ്ണിൽ പൊടിയിട്ട ഓട്ടയടക്കൽ മാത്രമാണുണ്ടായത്. ഇതാകട്ടെ ആഴ്ചക്കകം പൊട്ടിപ്പൊളിയും. പരാതി നൽകിയെങ്കിലും വ്യവസായ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.
ശല്യമായി ശ്വാനന്മാർ
അതിരൂക്ഷമാണ് തെരുവുനായ് ശല്യം. പകൽപോലും കൂട്ടമായി എത്തുന്ന നായ്ക്കൾ തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയാണ്. നായ്ക്കൾ വട്ടംചാടുന്നതിനാൽ ഇരുചക്രവാഹനങ്ങൾ പലപ്പോഴും അപകടങ്ങളിൽപെടുന്നുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്ന നടപടികൾ കാര്യക്ഷമമല്ലെന്നാണ് തൊഴിലാളികളുടെ പരാതി.
മേഖലയെല്ലാം കൂരിരുട്ടിൽ
വ്യവസായ മേഖലയായിട്ട് കൂടി തെരുവുവിളക്കുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. നഗരത്തിന്റെ മറ്റ് ഇടങ്ങളിൽ പോലും ഹൈമാസ്റ്റ് വിളക്കുകൾ ഉള്ളപ്പോൾ വ്യവസായ മേഖലയിൽ പേരിനുപോലും ഒന്നില്ല. സന്ധ്യസമയം കഴിഞ്ഞാൽ നടന്നുപോകാൻ പോലും തൊഴിലാളികൾക്ക് പേടിയാണ്. നിരവധി കാലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിൽപോലും വിളക്കില്ല.
എന്നുവരും, പാർക്കിങ്ങും ശുചിമുറിയും
കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് എത്തുന്നത്. വാഹനങ്ങൾ നിർത്തിയിടാൻ പാർക്കിങ് ഗ്രൗണ്ടും മറ്റും ഇവിടെയില്ല. വലിയ വാഹനങ്ങളടക്കം നിർത്തിയിടുന്നത് റോഡരികിലാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഗതാഗതക്കുരുക്ക് പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. ദീർഘയാത്ര കഴിഞ്ഞ എത്തുന്ന ഡ്രൈവർമാർക്കും തൊഴിലാളികൾക്കും ശുചിമുറിയില്ലാത്തതും ദുരിതമാണ്. ശുചിമുറിയും പാർക്കിങ് ഗ്രൗണ്ടും വിശ്രമകേന്ദ്രവും നിർമിക്കണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. വൈദ്യ സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെയില്ല.
സുരക്ഷ മുൻകരുതലുകൾ ഇല്ല
കഞ്ചിക്കോട് മേഖലയില്‍ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും പരാതികൾ നിരവധിയാണ്. ഏതാനും മാസം മുമ്പ് മേഖലയിലെ ഇരുമ്പുരുക്ക് ഫാക്ടറിയിൽ ഫർണസ് പൊട്ടിത്തെറിച്ച് മരണം സംഭവിച്ചിരുന്നു. ഇതിന് ശേഷം സുരക്ഷനടപടി കർശനമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എങ്ങുമെത്തിയില്ല. അഗ്നിസുരക്ഷ സംവിധാനങ്ങളില്ലാതെ മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന കമ്പനികളുണ്ടായിട്ടും നടപടിയുണ്ടാകുന്നില്ല.
തീപിടിത്തത്തെ നേരിടാൻ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെ, വെള്ളത്തിന് പോലും മതിയായ സൗകര്യങ്ങളില്ലാതെയാണ് അഗ്നിരക്ഷനിലയങ്ങളുടെ പ്രവർത്തനം. ദുരന്തമുണ്ടാകുമ്പോൾ പാലക്കാടുനിന്നടക്കം വാഹനങ്ങളും സൗകര്യവും എത്തിക്കേണ്ട സ്ഥിതി. കഞ്ചിക്കോട് വ്യവസായ മേഖലയിലെ മിക്ക കമ്പനികളും അഗ്നിസുരക്ഷചട്ടങ്ങള് പാലിക്കാത്തവയാണ്. ഓരോ വര്‍ഷവും സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ ഇതൊന്നും പരിശോധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.