പാലക്കാട് തുണി ചായം മുക്കുന്ന കമ്പനിയിൽ വിഷപ്പുക; എട്ടുപേർകൂടി ആശുപത്രിയിൽ
text_fieldsപാലക്കാട്: വ്യവസായ മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽനിന്ന് വിഷപ്പുക ശ്വസിച്ച് എട്ടുപേരെക്കൂടി യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട മൂന്നുപേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തുണി ചായം മുക്കുന്ന കഞ്ചിക്കോട് അഗസ്റ്റിൻ ടെക്സ്റ്റൈൽസ് ആൻഡ് കളേഴ്സ് എന്ന സ്ഥാപനത്തിന്റെ മാലിന്യം തള്ളുന്ന പ്ലാന്റിനടുത്ത് രാവിലെ ജോലി ചെയ്യാനെത്തിയവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഞായറാഴ്ച ഇതേ കമ്പനിയിലെ 10 പേരെ ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് പൊലീസും പഞ്ചായത്ത് ആരോഗ്യ വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. തൊഴിലാളികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട സ്റ്റിച്ചിങ് യൂനിറ്റ് താൽക്കാലികമായി അടച്ചുപൂട്ടി.
മലിനീകരണ പ്ലാന്റിലെയും ഡ്രൈനേജ് സംവിധാനത്തിലെയും പ്രശ്നങ്ങൾ പരിഹരിച്ച് ട്രയൽ റൺ നടത്തിയ ശേഷം മാത്രമേ ഈ യൂനിറ്റ് തുറക്കാവൂവെന്ന് നിർദേശം നൽകിയതായി പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു.
ഞായറാഴ്ച ബുദ്ധിമുട്ട് അനുഭവിച്ചവർ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. ഡൈയിങ് യൂനിറ്റിലെ മെഷീനിൽ കെമിക്കൽ സാമഗ്രികൾ ചേർക്കുമ്പോഴാണ് വിഷപ്പുകയുണ്ടായതെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.