ശിൽപകലയിൽ വിസ്മയ സാന്നിധ്യമായി കാഞ്ഞിക്കുളം വാസു
text_fieldsമുണ്ടൂർ: കാഞ്ഞിക്കുളം കാപ്പുകാട് വീട്ടിൽ വാസുവിന്റെ കലാജീവിതത്തിന് മൂന്ന് പതിറ്റാണ്ട്. സ്കൂൾ പഠനകാലത്ത് ചിത്രങ്ങൾ വരച്ച് തുടങ്ങിയ ഇദ്ദേഹം പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ജീവൻ തുളുമ്പുന്ന ശിൽപങ്ങൾ നിർമിക്കുന്നതിൽ അഗ്രഗണ്യനാണ്. പാഴ് വസ്തുക്കൾ മനോഹരവും ഉപയോഗപ്രദവുമായ വസ്തുക്കളായി മാറ്റാൻ നിരവധി നിർമിതികൾ വാസു പൂർത്തിയാക്കിയിട്ടുണ്ട്.
കല്ലടിക്കോട് ജി.എൽ.പി സ്കൂളിൽ സ്ഥാപിച്ച ചാച്ചാജി ശിൽപവും വേലിക്കാട് എ.യു.പി സ്കൂളിൽ നിർമിച്ച ഗാന്ധി ശിൽപവും ഇവയിൽ വേറിട്ടതാണ്.
ജി.എൽ.പി സ്കൂളിലെ വിദ്യാർഥികളുടെ പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമാക്കിയുള്ള ദൗത്യം, സ്കൂൾ മുറ്റത്ത് മനോഹര നെഹ്റു ശിൽപമായി മാറിയപ്പോൾ കുട്ടികൾക്കും അത് കൗതുകമായി.
മലമ്പുഴ ജലാശയത്തിൽ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചുള്ള പത്രവാർത്ത കണ്ട് പ്ലാസ്റ്റികിനെതിരെയുള്ള പോരാട്ടങ്ങളിൽ വാസു മുന്നിട്ടിറങ്ങി.
സമൂഹത്തിലെ വിവിധ ഭാവരൂപങ്ങളെ മനസ്സിന്റെ മൂശയിലിട്ട്, പ്ലാസ്റ്റിക് മാലിന്യങ്ങളെ കോൺക്രീറ്റ് കൊണ്ട് പൊതിഞ്ഞാണ് വാസുവിന്റെ പ്രതിമ നിർമാണം. ആധുനികവും സമകാലികവുമായ ഡിസൈനുമായി യോജിക്കുന്ന മനോഹരമായ ഫിനിഷുകൾ, രൂപകങ്ങൾ മലമ്പുഴ ഉദ്യാനത്തിലും, അഹല്യ കാമ്പസിലും പൂർത്തിയാക്കിയിട്ടുണ്ട്. ചുവരിലോ മേൽക്കൂരയിലോ നേരിട്ട് വരച്ചതോ, ഒട്ടിച്ചതോ ആയ ചിത്രങ്ങളാണ് മ്യൂറൽ. ഇവ ഭൂരിഭാഗവും തീം അധിഷ്ഠിതമാണ്. വാസുവിനെ തേടി പലരും വരുന്നത് കിണർ അലങ്കാര പ്രവൃത്തികൾക്കാണ്.
ഉരുളി, പറ, മരക്കുറ്റി, ആമാടപ്പെട്ടി മാതൃകയിൽ സിമന്റില് തീർത്ത കിണർ ഡിസൈനുകളും മികച്ചതാണ്. പണ്ടുകാലത്ത് ആഭരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പെട്ടിയാണ് ആമാടപ്പെട്ടി. അതിന്റെ മാതൃകയിൽ ഡിസൈൻ ചെയ്ത കിണർ വർക്കുകൾ വാസുവിന്റെ കരവിരുത് വ്യക്തമാക്കുന്നു. ആവശ്യക്കാരുടെ
ആശയങ്ങളെ ചിത്രരൂപേണ ഏതു മാധ്യമത്തിലേക്കും പകർത്താൻ തയാറുള്ള ഈ കലാകാരൻ നല്ലൊരു നടനും കൂടിയാണ്. നിരവധി ഹ്രസ്വ ചിത്രങ്ങളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.