സഞ്ചാരികളുടെ പറുദീസയായി കാഞ്ഞിരപ്പുഴ: നവീകരണം വിജയപാതയിൽ
text_fieldsകാഞ്ഞിരപ്പുഴ: ഡാമിൽ ടൂറിസം വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പുതുപദ്ധതികൾ വിജയപഥത്തിൽ. ഒരുവർഷം മുമ്പ് ആരംഭിച്ച മലമ്പുഴ മാതൃകയിലുള്ള പ്രവർത്തനങ്ങളാണ് വിജയം കണ്ടത്.
ജലസേചന വകുപ്പും ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന കാഞ്ഞിരപ്പുഴ ഉദ്യാന പരിപാലന സമിതിക്കാണ് നിലവിൽ ഉദ്യാനത്തിന്‍റെ പരിപാലന ചുമതല. വേനലവധിക്കാലവും ചെറിയ പെരുന്നാളും ഒത്തുവന്നതും കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ പൂന്തോട്ടത്തിന്‍റെയും ചിൽഡ്രൻസ് പാർക്കിന്‍റെയും നവീകരണ പ്രവർത്തനങ്ങളും കൂടുതൽ വിനോദ സഞ്ചാരികളെ കാഞ്ഞിരപ്പുഴ ഡാമിലേക്കും ഉദ്യാനത്തിലേക്കും ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി സൂചന.
കോവിഡ് കാല നിയന്ത്രണങ്ങൾക്ക് അയവ് വന്നതും ഇത്തവണ അനുഗ്രഹമായി. 2021 ഡിസംബറിൽ 1,13,000 രൂപയായിരുന്നു ഇത് വരെയുള്ള ഉയർന്ന കലക്ഷൻ. ഇത്തവണ ചെറിയ പെരുന്നാൾ ദിനത്തിൽ മാത്രം 2,08,710 രൂപയാണ് ടിക്കറ്റ് കലക്ഷൻ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തി. 4, 20,000 രൂപയാണ് ഈ ദിവസങ്ങളിലെ മൊത്തം റെക്കോഡ് വരുമാനം. സഞ്ചാരികൾ കൂടിയത് കാഞ്ഞിരപ്പുഴക്ക് ചരിത്രനേട്ടമായി. പെരുന്നാൾ ദിനത്തിൽ 5406 മുതിർന്നവരും 1877 കുട്ടികളും ഉദ്യാനം സന്ദർശിച്ചു. ഇത്തവണ ബോട്ട് സൗകര്യവും കുട്ടികളുടെ ഉദ്യാനത്തിലെ നവീന സൗകര്യങ്ങളും ഉപയോഗിച്ചവർ ഏറെയാണ്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പുഴയിൽ ആർട്ട് ഗാലറിയും മ്യൂസിയവും അക്വാറിയവും നിർമിക്കുന്ന കാര്യം പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.