കാഞ്ഞിരപ്പുഴ ഡാം പശ്ചാത്തല വികസന പദ്ധതി; അപ്രോച്ച് റോഡ് നിർമാണം തുടങ്ങി
text_fieldsകാഞ്ഞിരപ്പുഴ: ഡാം പശ്ചാത്തല നവീകരണ വികസന പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഡാമിലെ ഗാലറിയിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ലോക ബാങ്കിന്റെ ധനസഹായത്തോടെ ഡാം പുനരധിവാസ മികവുകൂട്ടൽ പദ്ധതിയുടെ (ഡ്രിപ്പ്) ഭാഗമായാണ് ഡാമിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്.
15 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ഒരുവർഷം മുമ്പാണ് രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം സാങ്കേതികാനുമതി കിട്ടിയ 6.374 കോടി രൂപ നിർമാണ ചുമതല കർണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബാലാജി കൺ സ്ട്രക്ഷൻ നിർമാണ കമ്പനിക്കാണ്.
കാഞ്ഞിരപ്പുഴ ഉദ്യാന കവാടത്തിന് സമീപം ബസ് സ്റ്റാൻഡ്, വാച്ച് ടവർ, നിശ്ചലകുളത്തിലേക്കുള്ള കിണർ നവീകരണം, ജി.പി.എസ് ടോട്ടൽ സർവിസ് സ്റ്റേഷൻ, കൺട്രോൾ റും നവീകരണം, ക്യാച്ച്മെന്റ് ഏരിയ പുനർനിർണയം, ശൗചാലയ നിർമാണം, ടർഫിങ് എന്നിവയും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കുമെന്ന് പദ്ധതിയുടെ നിർവഹണ ചുമതലയുള്ള ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൂടുതൽ വിനോദ സഞ്ചാരികളെ കാഞ്ഞിരപ്പുഴയിലേക്ക് ആകർഷിക്കാൻ തക്ക സൗകര്യങ്ങളാവും ഒരുങ്ങുക. ആദ്യഘട്ടത്തിൽ കാഞ്ഞിരപ്പുഴ ഡാമിൻ്റെ പുനരുദ്ധാരണ പ്രവർത്തിക്ക് 18.44 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഡാമിന്റെ ഗാലറിയിലേക്കുള്ള ചോർച്ച ഒഴിവാക്കാനും അനുബന്ധ പ്രവർത്തികൾക്കുമാണ് ഈ തുക വിനിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.