അടച്ചിട്ടും ചോർച്ച നിൽക്കാതെ കാഞ്ഞിരപ്പുഴ ഡാം
text_fieldsകാഞ്ഞിരപ്പുഴ: കാൽനൂറ്റാണ്ട് പിന്നിട്ട കാഞ്ഞിരപ്പുഴ ഡാം ചോർച്ച പട്ടികയിൽതന്നെ. ആറ് വർഷം മുമ്പാണ് ഡാമിലെ ചോർച്ച ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും വിവിധ രാഷ്ട്രീയ പാർട്ടികൾ സമരരംഗത്തിറങ്ങുകയും ചെയ്തത്. തുടർന്ന് ലോകബാങ്ക് സഹായത്തോടെ 12 കോടി ചെലവഴിച്ച് ചോർച്ച അടച്ച് അധികൃതർ റിപ്പോർട്ട് നൽകി.
പ്രതിദിനം 300 ലിറ്റർ വെള്ളമാണ് 2017ൽ നഷ്ടമായത്. അറ്റകുറ്റപ്പണികൾക്ക് ശേഷം ഇത് 100 ലിറ്ററായി നിയന്ത്രിച്ചതായാണ് അക്കാലത്ത് ജലസേചന വകുപ്പ് അവകാശപ്പെട്ടിരുന്നത്.
കേരളത്തിലെ ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ചോർച്ചയുള്ളവയുടെ പട്ടികയിൽ അഞ്ച് വർഷം മുമ്പുതന്നെ കാഞ്ഞിരപ്പുഴ അണക്കെട്ടും ഇടം പിടിച്ചിരുന്നു.
മറ്റ് ഡാമുകളെ അപേക്ഷിച്ച് ഗാലറി ഡാമിന്റെ നിരപ്പിന് താഴെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അണക്കെട്ടിലെ വെള്ളത്തിന്റെ ഉയർന്ന് വരുന്ന മർദ്ദം കുറക്കുന്നതിന് മുൻകാലങ്ങളിലും ക്രമീകരണങ്ങളൊരുക്കിയിരുന്നു.
നിലവിൽ 15 കുതിരശക്തി മോട്ടോർ ഘടിപ്പിച്ച് മൂന്ന് കരാർ തൊഴിലാളികളെ നിർത്തിയാണ് ചോരുന്ന ജലം പമ്പ് ചെയ്ത് ഒഴിവാക്കുന്നത്.
യഥാകാലങ്ങളിലെ ചോർച്ച അറ്റകുറ്റപ്പണി നടത്തി അടക്കാറുണ്ട്. സുരക്ഷ വിലയിരുത്തുന്നതിന് അതോറിറ്റി ആറ് മാസം മുമ്പ് അണക്കെട്ട് സന്ദർശിച്ചിരുന്നു. അതേ സമയം ചോർച്ചയെപ്പറ്റി ഔദ്യോഗിക സംവിധാനങ്ങൾ പ്രതികരിക്കാൻ
തയാറായിട്ടില്ല.
1961 ൽ നിർമാണമാരംഭിച്ച ഡാം 1995ലാണ് കമീഷൻ ചെയ്തത്. 30.78 മീറ്റർ ഉയരവും 2,127 മീറ്റർ നീളവുമുണ്ട്. 70.83 മില്യൺ ക്യുബിക് മീറ്ററാണ് സംഭരണ ശേഷി. മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലെ കൃഷിക്ക് ജലസേചന സൗകര്യ മൊരുക്കാനാണ് ഡാം
നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.