സുന്ദരമാകും, കാഞ്ഞിരപ്പുഴ ഉദ്യാനം
text_fieldsകാഞ്ഞിരപ്പുഴ: ഡാമിന്റെയും ഉദ്യാനത്തിന്റെയും സമഗ്ര ടൂറിസം വികസന പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. ജലസേചന വകുപ്പിന്റെ പുതിയ വിനോദസഞ്ചാര വികസന നയത്തിന്റെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി പ്രാവർത്തികമാക്കുക. ഇതിന്റെ മുന്നോടിയായി ജലസേചന വകുപ്പിന്റെ നോഡൽ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപറേഷൻ (കെ.ഐ.ഐ.ഡി.സി) താത്പര്യം ക്ഷണിച്ചിരുന്നു.
ലഭിച്ച നാല് പ്രൊജക്റ്റുകളിൽ ഒന്ന് തെരഞ്ഞെടുത്ത് പ്രാവർത്തികമാക്കുന്നതിന് ജലസേചന വകുപ്പിന് കൈമാറും. തെരഞ്ഞെടുക്കപ്പെടുന്ന പദ്ധതി സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാം പശ്ചാത്തലമാക്കിയാവും നടപ്പാക്കുക. ഈ വിധം 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാനാണ് സാധ്യത.
ഉദ്യാന നവീകരണം, വാട്ടർ തീം പാർക്ക്, അക്വേറിയം എന്നിവയും പദ്ധതിയുടെ ഭാഗമാവും. പദ്ധതി പൂർത്തീയാവുന്നതോടെ അത്യാധുനിക രീതിയിലുള്ള വിശ്രമ, ശുചീകരണ സംവിധാനങ്ങൾ, ചിൽഡ്രൻസ് പാർക്ക്, നൂതന വിനോദാപാധികൾ എന്നിവയും സജ്ജീകരിക്കും.
കാർഷിക ജലസേചനം ലക്ഷ്യമിട്ട് 1995ലാണ് കാഞ്ഞിരപ്പുഴ അണക്കെട്ട് നിർമിച്ചത്. പിന്നീട് ടൂറിസം വികസനം ലക്ഷ്യമിട്ട് ഉദ്യാനവും നിർമിച്ചു. ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴക്ക് കുറുകെയാണ് ഡാം നിർമിച്ചത്. വാക്കോടൻ മലയുടെ താഴ്വാര പ്രകൃതി ദൃശ്യങ്ങളും ഹരിതാഭയും വിനോദസഞ്ചാരികൾക്ക് എക്കാലത്തും ആകർഷകമാണ്. കാഞ്ഞിരപ്പുഴ ഡാമിന് 30.78 മീറ്റർ ഉയരവും 2127 മീറ്റർ നീളവുമുണ്ട്.
നവീകരണം യാഥാർഥ്യമാവുന്നതോടെ അറിയപ്പെട്ടുന്ന വിനോദസഞ്ചാര കേന്ദ്രമായി കാഞ്ഞിരപ്പുഴ മാറും. പരമ്പരാഗത ടൂറിസം രീതിയിൽനിന്ന് ഒട്ടേറെ വ്യതിരിക്തമായ നൂതന രീതികളാവും ഉദ്യാനത്തിന്റെ സവിശേഷത. വാട്ടർ തീം പാർക്ക്, ഫ്ലയിങ് വീൽസ്, ബട്ടർഫ്ലൈ പാർക്ക്, ഹോർട്ടികൾച്ചറൽ പാർക്ക്, ഫിഷ് അക്വേറിയം, ഹൈടെക് ചിൽഡ്രൻസ് പാർക്ക്, കാഴ്ച ബംഗ്ലാവ് എന്നിവയും നവീകരണത്തിന്റെ ഭാഗമായി ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.