കാഞ്ഞിരപ്പുഴയിൽ നാട്ടുകാർ മരംമുറി തടഞ്ഞു
text_fieldsതച്ചമ്പാറ: ജല അതോറിറ്റിയുടെ കാഞ്ഞിരപ്പുഴ പുളിഞ്ചോട്ടിലെ കുടിവെള്ള പ്ലാൻറിനായുള്ള സ്ഥലത്തെ വിലകൂടിയ മരങ്ങൾ രഹസ്യമായി വിലകുറച്ച് ലേലം ചെയ്ത നടപടിക്കെതിരെ നാട്ടുകാർ. മരം മുറിക്കാൻ വന്നവരെ നാട്ടുകാർ തടഞ്ഞു.
കാഞ്ഞിരപ്പുഴ ഡാമിന് സമീപം തച്ചമ്പാറ പഞ്ചായത്തിലെ പുളിഞ്ചോട്ടിൽ കരിമ്പ-കോങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പ്ലാൻറ് നിർമിക്കാൻ ജലസേചന വകുപ്പ് ജല അതോറിറ്റിക്ക് കൈമാറിയ സ്ഥലത്തെ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന മരങ്ങൾ കുറഞ്ഞ വിലയ്ക്ക് രഹസ്യമായി ലേലം നടത്തിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്ലാൻറ് നിർമിക്കാനാവശ്യമായ സ്ഥലത്തിന് പുറമേയുള്ള റോഡ് സൈഡിലെ മരങ്ങൾ ഉൾപ്പെടെ കേവലം 1,0,600 രൂപക്കാണ് ലേലം ഉറപ്പിച്ചിരിക്കുന്നത്. വലിയ തേക്കുകൾ ഉൾപ്പെടെ 23 മരങ്ങളാണ് ലേലം ചെയ്തിരിക്കുന്നത്. ഇതിൽ ഒരു തേക്കിന് മാത്രം ഒരു ലക്ഷത്തിനു മുകളിൽ വില വരും. അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങളാണ് ഉദ്യോഗസ്ഥർ രഹസ്യമായി ലേലം ചെയ്തതെന്നാണ് പരാതി.
ലേലം ഈ ഭാഗത്തെ ആരും അറിഞ്ഞിരുന്നില്ല. രേഖകളിൽ മൂന്നുതവണ ലേലം നടന്നതായാണ് കാണിച്ചിട്ടുള്ളത്. രഹസ്യമായി ലേലം ചെയ്ത് കൊടുത്തതും പ്ലാൻറിന് തടസ്സമില്ലാത്തതും റോഡ് സൈഡിലുള്ളതുമായ വൻമരങ്ങൾ മുറിച്ചുനീക്കുന്നതും അനുവദിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ മരംമുറിക്കാൻ വന്നപ്പോഴാണ് ജനങ്ങൾ വിവരമറിയുന്നത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജു, കോൺഗ്രസ് വാർഡ് കമ്മിറ്റി സെക്രട്ടറി സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് രാഷ്ട്രീയഭേദമന്യ നാട്ടുകാർ മരംമുറി തടഞ്ഞത്. വിവാദമായതോടെ മരംമുറി നിർത്തിവെച്ചു. കുറഞ്ഞ നിരക്കിൽ ജനങ്ങൾ അറിയാതെ മരങ്ങൾ ലേലം ചെയ്തത് അന്വേഷിക്കണമെന്ന് സി.പി.എം, കോൺഗ്രസ് പാർട്ടികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.